തിരുവനന്തപുരത്ത് കിവീസ് ബൗളർമാരെ തച്ചുതകർത്ത് ഇന്ത്യയുടെ റൺവേട്ട! കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ട്വന്റി20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ 271 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തി.
43 പന്തിൽ 103 റൺസ് നേടിയ ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ചറിയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചറിയുമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.
എന്നാൽ, സ്വന്തം തട്ടകത്തിൽ തിളങ്ങാൻ സഞ്ജു സാംസണ് കഴിയാതിരുന്നത് ആരാധകർക്ക് നിരാശയായി. 272 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങുന്ന ന്യൂസീലൻഡിന് കാര്യവട്ടത്തെ പിച്ചിൽ കഠിനമായ വെല്ലുവിളിയാകും ഇന്ത്യ ഉയർത്തുക.
കാര്യവട്ടത്ത് ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ചറി! 28 പന്തിൽ അർധസെഞ്ചറി പിന്നിട്ട താരം, അടുത്ത 14 പന്തിൽ 100 കടന്നു; ആകെ 10 സിക്സറുകളും 6 ഫോറുകളുമാണ് ഇഷാൻ പറത്തിയത്. സൂര്യകുമാർ യാദവ് (30 പന്തിൽ 63), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42), അഭിഷേക് ശർമ (16 പന്തിൽ 30) എന്നിവരുടെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യ 271 റൺസെന്ന കൂറ്റൻ സ്കോറിലെത്തി.
കാര്യവട്ടത്തെ ‘വീട്ടുമുറ്റത്ത്’ സഞ്ജു സാംസണ് വീണ്ടും നിരാശ. വെറും ആറ് റൺസെടുത്ത സഞ്ജുവിനെ ലോക്കി ഫെർഗൂസന്റെ പന്തിൽ ബെവൻ ജേക്കബ്സ് പിടികൂടി പുറത്താക്കി. സഞ്ജു നേരത്തെ മടങ്ങിയെങ്കിലും ഇന്ത്യ പതറിയില്ല; ഒൻപതാം ഓവറിൽ തന്നെ ടീം സ്കോർ 100 കടത്തി പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ചു.
മികച്ച തുടക്കമിട്ട അഭിഷേക് ശർമയെ (30) ലോക്കി ഫെർഗൂസൻ മടക്കിയപ്പോൾ, അർധ സെഞ്ചറി നേടിയ സൂര്യകുമാർ യാദവിനെ (63) സാന്റ്നറുടെ പന്തിൽ ടിം സിഫർട്ട് സ്റ്റംപ് ചെയ്ത് പുറത്താക്കി.
വെറും 42 പന്തിൽ സെഞ്ചറി തികച്ച ഇഷാൻ കിഷൻ, നേട്ടം ആഘോഷിച്ചതിന് പിന്നാലെ തന്നെ പവലിയനിലേക്ക് മടങ്ങി.ടീം സ്കോർ 260 കടന്നതിന് പിന്നാലെ 42 റൺസെടുത്ത ഹാർദിക് പാണ്ഡ്യ ജെയ്മീസണ് വിക്കറ്റ് നൽകി മടങ്ങി. റിങ്കു സിങ്ങും (8) ശിവം ദുബെയും (7) ചേർന്ന് ഇന്നിങ്‌സ് പൂർത്തിയാക്കി.
കിവീസിനായി ഫെർഗൂസൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡഫി, ജെയ്മീസൻ, സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്ത്യൻ പ്ലേയിംഗ് ഇലവൻ
അഭിഷേക് ശർമയും സഞ്ജു സാംസണും (വിക്കറ്റ് കീപ്പർ) ഓപ്പണർമാരായപ്പോൾ, ഇഷാൻ കിഷൻ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, റിങ്കു സിങ് എന്നിവർ മധ്യനിരയ്ക്ക് കരുത്തേകുന്നു. ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരും ബൗളിംഗ് നിരയിൽ അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര എന്നിവരുമാണ് അണിനിരന്നത്.
ന്യൂസീലൻഡിനായി അണിനിരന്ന പ്ലേയിങ് ഇലവൻ
ടിം സീഫാർറ്റ് (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ബെവൺ ജേക്കബ്സ് എന്നിവർ ബാറ്റിംഗ് നിര നയിച്ചപ്പോൾ മിച്ചൽ സാന്റ്നർ ഓൾറൗണ്ടറായി ടീമിലെത്തി. കൈൽ ജെയ്മീസൻ, ഇഷ് സോധി, ലോക്കി ഫെർഗൂസൻ, ജേക്കബ് ഡഫി എന്നിവരാണ് ബൗളിംഗ് വിഭാഗം കൈകാര്യം ചെയ്തത്.
