സിംബാബ്വെയ്ക്കെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിന് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടിയായി റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി. അർബുദബാധിതനായി ചികിത്സയിലായിരുന്ന പിതാവ് ഖാൻചന്ദ് സിങ്ങിന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് താരം ചെന്നൈയിലെ ടീം ക്യാമ്പ് വിട്ടത്.ചൊവ്വാഴ്ച ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിൽ റിങ്കു സിങ് പങ്കെടുത്തില്ല.
ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും കളിച്ച റിങ്കുവിന്റെ അസാന്നിധ്യം ടീമിന് വലിയ ആശങ്കയാണ്. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന പിതാവിന്റെ അടുത്തേക്ക് താരംപോയിരിക്കുകയാണ്.
വ്യാഴാഴ്ച സിംബാബ്വെയ്ക്കെതിരെ നടക്കുന്ന നിർണ്ണായക പോരാട്ടത്തിന് മുൻപ് അദ്ദേഹം മടങ്ങിയെത്തുമോ എന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
അഹമ്മദാബാദിലെ മത്സരശേഷം ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു സിങ്, ചൊവ്വാഴ്ച രാവിലെയാണ് അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയത്. വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനില വഷളായതാണ് കാരണം.
ഒരു വർഷം മുൻപ് കരളിന് അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം ജോലി ഉപേക്ഷിച്ചിരുന്നു; നിലവിൽ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.റിങ്കു സിങ്ങിന്റെ അസാന്നിധ്യത്തിലും ഇന്ത്യൻ ടീം ചെന്നൈയിൽ പരിശീലനം തുടർന്നു.
സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവർ നെറ്റ്സിൽ ദീർഘനേരം ബാറ്റിങ് പരിശീലിച്ചു. അർഷ്ദീപും സിറാജും പന്തെറിഞ്ഞപ്പോൾ, ഓൾറൗണ്ടർ അഭിഷേക് ശർമ്മ ബൗളിംഗിന് ശേഷമാണ് ബാറ്റിങ്ങിനിറങ്ങിയത്.
