ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ കഴിയവെ നടത്തിയ പരിശോധനയിൽ ഹൃദയസംബന്ധമായ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിക്കും.
ജയിലിൽ കഴിയവെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് തന്ത്രിയെ പരിശോധനകൾക്ക് വിധേയനാക്കിയത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നടത്തിയ ആൻജിയോഗ്രാമിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ ചികിത്സയ്ക്കായി അദ്ദേഹത്തെ ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തന്ത്രി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്കിൽ ഇളവ് വേണമെന്നും, ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പോകാൻ അനുമതി നൽകണമെന്നുമാണ് അപേക്ഷയിലെ ആവശ്യം.
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസുകളിൽ കഴിഞ്ഞ മാസമാണ് തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം ലഭിച്ചത്. ഈ കേസുകളിൽ പ്രത്യേക അന്വേഷണസംഘം (SIT) ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്ത പ്രതിയായിരുന്നു അദ്ദേഹം.
