യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത ‘സ്റ്റേറ്റ് ഓഫ് യൂണിയൻ’ പ്രസംഗത്തിൽ, തന്റെ 12 മാസത്തെ ഭരണനേട്ടങ്ങൾ ട്രംപ് അക്കമിട്ടു നിരത്തി. ഇത് അമേരിക്കയുടെ തിരിച്ചുവരവാണെന്നും രാജ്യം അതിന്റെ സുവർണ്ണകാലഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കയുടെ നഷ്ടപ്പെട്ട അഭിമാനം തിരിച്ചെടുത്തതായും ശത്രുക്കൾ ഭയന്നുതുടങ്ങിയതായും ട്രംപ് അവകാശപ്പെട്ടു.

ബൈഡൻ ഭരണകാലത്തെ ‘നിശ്ചലമായ’ സമ്പദ്‌വ്യവസ്ഥയെ താൻ ഉഷാറാക്കിയെന്നും പണപ്പെരുപ്പം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ, പ്രകൃതിവാതകം എന്നിവയ്‌ക്കൊപ്പം മുട്ട (60% കുറവ്), ബീഫ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ കുറഞ്ഞതായി ട്രംപ് ചൂണ്ടിക്കാട്ടി.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് ട്രംപ് വിമർശിച്ചു. എന്നാൽ തന്റെ ഭരണത്തിന് കീഴിൽ പലിശനിരക്ക് കുറയ്ക്കാനുള്ള നടപടികൾ തുടരുമെന്നും, ഇത് സാധാരണക്കാർക്ക് വീട് സ്വന്തമാക്കാൻ വലിയ സഹായമാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

രണ്ടാമത് അധികാരമേറ്റ ശേഷം യുഎസ് ഓഹരി വിപണി 53 തവണ റെക്കോർഡ് തിരുത്തിയതായും ഇത് അമേരിക്കൻ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ 18 ട്രില്യൺ ഡോളറിന്റെ ആഗോള നിക്ഷേപ വാഗ്ദാനങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത് വലിയ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് പുതിയ സംരംഭങ്ങൾ വന്നതോടെ നിർമ്മാണ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.യുഎസിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും ക്രൂഡ് ഓയിൽ ഉൽപ്പാദനം പ്രതിദിനം 60,000 ബാരലിലധികം വർധിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു.

പുതിയ പങ്കാളിയായ വെനസ്വേലയുടെ 80 ദശലക്ഷം ബാരൽ എണ്ണശേഖരം പ്രയോജനപ്പെടുത്തുമെന്നും, തന്റെ ഭരണത്തിന് കീഴിൽ സ്വകാര്യ മേഖലയിൽ വൻതോതിൽ തൊഴിൽ വളർച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്കായി കൊണ്ടുവന്ന പുതിയ വ്യാപാര കരാറുകൾ വഴി ബില്യൺ കണക്കിന് ഡോളർ നേടാനായെന്ന് ട്രംപ് അവകാശപ്പെട്ടു. സുപ്രീം കോടതി തീരുവകൾ റദ്ദാക്കിയത് തിരിച്ചടിയായെങ്കിലും, കരാറുകളിൽ ഒപ്പിട്ട രാജ്യങ്ങൾ പിന്മാറില്ലെന്ന് ഉറപ്പുനൽകിയത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ ആദായനികുതി ഒഴിവാക്കുമെന്നും അതിന്റെ നേട്ടം ഇറക്കുമതി തീരുവ വഴി ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതോടൊപ്പം അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച അദ്ദേഹം, രാജ്യത്ത് നിയമവിരുദ്ധമായി എത്തിയവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്ന രീതി അവസാനിപ്പിച്ചതായും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *