കോഴിക്കോട്ട് ലഹരിമരുന്ന് കൈവശമുണ്ടെന്ന് വ്യാജേന എക്സൈസിനെ വെല്ലുവിളിച്ച യുവാവ് പിടിയിലായി. സോഷ്യൽ മീഡിയയിൽ ‘റീച്ച്’ കൂട്ടാനാണ് എം.ഡി.എം.എ എന്ന പേരിൽ കല്ലുപ്പ് പ്രദർശിപ്പിച്ചതെന്ന് ഇയാൾ സമ്മതിച്ചു.
സാധാരണ വീഡിയോകൾക്ക് ശ്രദ്ധ കിട്ടാത്തതിനാലാണ് ലഹരിമരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ റീൽസ് ചെയ്തതെന്നും, എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പമുള്ള പുതിയ വീഡിയോയിലൂടെ യുവാവ് കുറ്റസമ്മതം നടത്തുകയും ചെയ്തു.
കോഴിക്കോട് മേപ്പയൂർ സ്വദേശിയായ വിഷ്ണു എന്ന യുവാവാണ് ‘മിസ്റ്റർ ബുദ്ധൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ എക്സൈസിനെ പരസ്യമായി വെല്ലുവിളിച്ചത്.
കയ്യിൽ ലഹരിമരുന്നുണ്ടെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവകാശപ്പെട്ടായിരുന്നു ഇയാൾ വീഡിയോ പങ്കുവെച്ചത്.ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് എക്സൈസ് നടപടി സ്വീകരിച്ചത്.
