ഇറാനെതിരായ യുദ്ധത്തിന് സൈന്യത്തെ സജ്ജമാക്കാൻ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗത്തിൽ ബൈബിൾ വചനങ്ങൾക്ക് പകരം സിനിമാ ഡയലോഗുകൾ ഉദ്ധരിച്ച യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിവാദത്തിലായി. പ്രാർത്ഥനയ്ക്കിടെ സംഭവിച്ച ഈ പിഴവ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഹോളിവുഡ് ചിത്രം ‘പൾപ്പ് ഫിക്ഷനിലെ’ സംഭാഷണങ്ങളാണ് താൻ ഉപയോഗിച്ചതെന്ന് പീറ്റ് ഹെഗ്സെത്ത് സമ്മതിച്ചു. തകർന്നുവീണ വിമാനങ്ങളിലെ പൈലറ്റുമാർക്കായി നടത്തിയ പ്രാർത്ഥനയിലായിരുന്നു ഈ സിനിമാ ഡയലോഗുകൾ. പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രശസ്തമായ ബൈബിൾ വചനങ്ങൾക്ക് പകരമായാണ് അദ്ദേഹം സിനിമയിലെ വരികൾ ഉദ്ധരിച്ചത്.’
സത്യസന്ധരുടെ വഴി ദുഷ്ടമനുഷ്യരുടെ അനീതികളാൽ ചുറ്റപ്പെട്ടിരിക്കുന്നു’ എന്ന പൾപ്പ് ഫിക്ഷനിലെ ഡയലോഗാണ് ഹെഗ്സെത്ത് ഉപയോഗിച്ചത്. ബൈബിളിലെ ‘ഞാൻ കർത്താവാണെന്ന് നീ അറിയും’ എന്ന ഭാഗത്തിന് പകരം ‘ഞാൻ സാൻഡി വൺ (Sandy 1) ആണെന്ന് നീ അറിയും’ എന്ന് മാറ്റിപ്പറഞ്ഞതും വലിയ പരിഹാസത്തിന് ഇടയാക്കി.
