ഇസ്രായേൽ സന്ദർശനത്തിനിടെ പാർലമെന്റിനെ (നെസെറ്റ്) അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചു. 2023 ഒക്ടോബറിലെ ആക്രമണത്തെ അപലപിച്ച അദ്ദേഹം, ഏത് സാഹചര്യത്തിലും ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി.
നിങ്ങളുടെ വേദനയിൽ ഇന്ത്യ പങ്കുചേരുന്നു. ഈ പ്രതിസന്ധിഘട്ടത്തിലും അതിനുശേഷവും ഇന്ത്യ പൂർണ്ണമനസ്സോടെ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കും,” ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചരിത്രം കുറിച്ചു. മുംബൈയിലെ 26/11 ഭീകരാക്രമണവും ഇസ്രായേലിലെ ഒക്ടോബർ ആക്രമണവും സമാനമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.”
ഇന്ത്യ-ഇസ്രായേൽ ബന്ധം രക്തവും ത്യാഗവും കൊണ്ട് എഴുതപ്പെട്ടതാണ്,” ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികരെ സ്മരിച്ചുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള സഖ്യം കരുത്തുറ്റതാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി.”
ഇന്ത്യ-ഇസ്രായേൽ ബന്ധം ഗുണനപ്പട്ടിക പോലെ വളരുകയാണ്. വ്യാപാരവും സഹകരണവും പലമടങ്ങ് വർധിച്ചു,” നെതന്യാഹു പറഞ്ഞു.
വിമാനത്താവളത്തിൽ മോദിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച അദ്ദേഹം, മോദി തന്റെ ‘സഹോദരൻ’ ആണെന്നും വിശേഷിപ്പിച്ചു.”വ്യക്തിപരമായ സൗഹൃദത്തിനപ്പുറം ഇരുരാജ്യങ്ങളും ജനതകളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ അടയാളമാണ് ഈ ആലിംഗനം,” എന്ന് നെതന്യാഹു പറഞ്ഞു.
ഇത് വെറുമൊരു പ്രവൃത്തിയല്ല, മറിച്ച് ഇന്ത്യയും ഇസ്രഈലും തമ്മിലുള്ള യഥാർത്ഥ ഐക്യത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
