മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ചായി പരസ് മാംബ്രേയെ നിയമിച്ചു. നിലവിലെ ബൗളിംഗ് കോച്ച് ലസിത് മലിംഗയ്‌ക്കൊപ്പം മാംബ്രേയും പ്രവര്‍ത്തിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് അറിയിച്ചു.

ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് മാംബ്രേ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയത്. സ്ഥാനമൊഴിഞ്ഞ മാര്‍ക് ബൗച്ചറിന് പകരം മുഖ്യ പരിശീലകനായി മഹേല ജയവര്‍ധനെയും മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയിട്ടുണ്ട്. 2017 മുതല്‍ 2022 വരെ മുംബൈയുടെ പരിശീലകനായിരുന്നു ജയവര്‍ധനെ. മുംബൈ ജയവര്‍ധനെയ്ക്ക് കീഴില്‍ മൂന്നുതവണ ഐപിഎല്‍ ചാംപ്യന്‍മാര്‍ ആയിട്ടുണ്ട്.

“അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുക മൂന്ന് താരങ്ങളെ. ടീമിന്റെ മുഖ്യ പരിശീലകനായി ഹേമംഗ് ബദാനിക്കാണ് സാധ്യത കൂടുതല്‍. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിലനിര്‍ത്താനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം. പന്തിനായി 18 കോടി രൂപയും അക്‌സര്‍ പട്ടേലിനായി പതിനാല് കോടി രൂപയും കുല്‍ദീപ് യാദവിനായി പതിനൊന്ന് കോടി രൂപയുമാണ് ഡല്‍ഹി മാറ്റിവയ്ക്കുക.

ടീം ബഡ്ജറ്റിനുള്ളില്‍ നില്‍ക്കുമെങ്കില്‍ വിദേശ താരങ്ങളായ ജെയ്ക് ഫ്രേസ്ര്‍ മക്ഗുര്‍ക്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരെ റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെ സ്വന്തമാക്കാനും ഡല്‍ഹിക്ക് ആലോചനയുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗിന് പകരം മുന്‍താരം ഹേമംഗ് ബദാനിയാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കോച്ച് ബ്രയന്‍ ലാറയുടെ കീഴില്‍ സഹപരിശീലകനായിരുന്നു ബദാനി. ഇന്ത്യക്കായി നാല്‍പത് ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട് ബദാനി. സൗരവ് ഗാംഗുലി ടീം ഡയറക്റ്ററാവും. ബൗളിംഗ് പരിശീലകനായി മുനാഫ് പട്ടേലിനെയാണ് ഡല്‍ഹി പരിഗണിക്കുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *