രത്തന്‍ ടാറ്റയ്‌ക്കൊപ്പം ഒരേ വിമാനത്തില്‍ ലണ്ടനിലേക്ക് യാത്ര ചെയ്ത അനുഭവം ഓര്‍ത്തെടുത്ത് അമിതാഭ് ബച്ചന്‍. കോന്‍ ബനേഗ കോര്‍പതി 16ന്റെ സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ബിഗ് ബി രത്തന്‍ ടാറ്റയുടെ ലാളിത്യത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമെല്ലാം വാനോളം പുകഴ്ത്തിയത്. സിനിമാ സംവിധായകന്‍ ഫറാ ഖാനും നന്‍ ബൊമന്‍ ഇറാനിയുമായിരുന്നു സ്‌പെഷ്യല്‍ എപ്പിസോഡിലെ അതിഥികള്‍.
രത്തന്‍ ടാറ്റയ്‌ക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് അമിതാഭ് പറഞ്ഞതിങ്ങനെ, ഒരിക്കല്‍ ഞങ്ങള്‍ ലണ്ടനിലേക്ക് ഒരേ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹത്തിന് അത്യാവശ്യമായി ഒരു ഫോണ്‍ ചെയ്യേണ്ടി വന്നു. സഹായികള്‍ക്ക് വേണ്ടി ചുറ്റും നോക്കിയെങ്കിലും ആരേയും കണ്ടില്ല.
ഞാന്‍ ഫോണ്‍ ബൂത്തിന്റെ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍. ഉടനെ അദ്ദേഹം എന്റെ നേരെ നടന്നുവന്നു, പിന്നീട് എന്നോട് ചോദിച്ച കാര്യം എനിക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല.
അമിതാഭ്, നിങ്ങള്‍ എനിക്ക് കുറച്ച് പണം തരുമോ? ഒരു ഫോണ്‍ ചെയ്യാനുള്ള പണം എന്റെ കയ്യിലില്ല എന്നായിരുന്നു ആ ചോദ്യം. എത്രത്തോളം വിനയമുള്ള മനുഷ്യനാണ് അദ്ദേഹം- അമിതാഭ് പറഞ്ഞു.”ഒക്ടോബര്‍ പത്തിനാണ് രത്തന്‍ ടാറ്റ അന്തരിച്ചത്.
മരണത്തില്‍ അനുശോചനമറിയിച്ച് ആദ്യമെത്തിയ താരങ്ങളിലൊരാളും അമിതാഭ് ബച്ചനായിരുന്നു. ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വിനയവും ദീര്‍ഘവീക്ഷണവും രാജ്യത്തിന്റെ ഉന്നതിക്കായുള്ള ദൃഢനിശ്ചയവും എന്നും അഭിമാനത്തോടെ ഓര്‍മ്മിക്കപ്പെടും.
ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതില്‍ താന്‍ ഏറെ അഭിമാനിക്കുന്നു എന്നായിരുന്നു രത്തന്‍ ടാറ്റയെ അനുസ്മരിച്ച് അമിതാബ് ബച്ചന്‍ കുറിച്ചത്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.”
2004ല്‍ അമിതാഭ് ബച്ചനെ നായകനാക്കിക്കൊണ്ട് രത്തന്‍ ടാറ്റ നിര്‍മിച്ച ചിത്രമായിരുന്നു ഏത്ബാര്‍. രത്തന്‍ ടാറ്റയുടെ ബോളിവുഡ് അരങ്ങേറ്റവും ഈ ചിത്രമായിരുന്നു