ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സി സംബന്ധിച്ച സംവാദങ്ങളില്‍ പ്രതികരിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ്. നവംബര്‍ 22ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
രണ്ടാമത്തെ കുഞ്ഞ് പിറന്നതുമായി ബന്ധപ്പെട്ട് പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടുനില്‍ക്കുമെന്നാണ് വിവരം. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മുതലാവും രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.രോഹിത് തിരിച്ചുവന്നാലും പരമ്പരയിലെ ബാക്കി മത്സരങ്ങളിലും ഇന്ത്യയെ ബുംറ തന്നെ നയിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഗവാസ്‌കറുടെ അഭിപ്രായത്തെ എതിര്‍ത്ത മുന്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് രംഗത്തെത്തിയിരുന്നു. രോഹിത് തിരിച്ചുവന്നാല്‍ അദ്ദേഹം തന്നെ ഇന്ത്യയെ നയിക്കണമെന്നുമായിരുന്നു ഫിഞ്ചിന്റെ അഭിപ്രായം. എന്നാല്‍ പരമ്പരയില്‍ എല്ലാ മത്സരങ്ങളിലും ബുംറ തന്നെ ഇന്ത്യയെ നയിക്കണമെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ ആരാധകരുടെ അഭിപ്രായം കണക്കിലെടുക്കരുതെന്ന് പറഞ്ഞ ഹര്‍ഭജന്‍ അതിന്റെ കാരണവും വിശദീകരിച്ചു.ആദ്യത്തെ രണ്ട് ടെസ്റ്റ് ജയിക്കുകയാണെങ്കില്‍ പിന്നീടുള്ള എല്ലാ ടെസ്റ്റുകളിലും ബുംറ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനാവട്ടെയെന്ന് എല്ലാവരും പറയും.
എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ തോറ്റാല്‍ രോഹിത് തന്നെ ക്യാപ്റ്റനായി തിരിച്ചെത്തണമെന്ന് അവര്‍ പറയും. ആരാധകരുടെ അഭിപ്രായങ്ങള്‍ അതിവേഗം മാറിക്കൊണ്ടേയിരിക്കും. സുനില്‍ ഗവാസ്‌കറെ കുറിച്ചല്ല, മറിച്ച് പൊതുസമൂഹത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്’, ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ഒരു ക്യാപ്റ്റന്‍ തന്നെ പരമ്പരയിലെ എല്ലാ മത്സരങ്ങളും നയിക്കുക എന്നത് മികച്ച നിര്‍ദേശമാണ്. അത് നല്ല കാര്യമാണ് കാരണം ഇന്ത്യ പരാജയപ്പെട്ടാല്‍ ആരും ചോദ്യം ചെയ്യില്ല. എന്നാല്‍ ബുംറയ്ക്ക് കീഴില്‍ വിജയിച്ച ഇന്ത്യ രോഹിത് ക്യാപ്റ്റനായി തിരിച്ചെത്തിയതിന് ശേഷം പരാജയപ്പെട്ടാല്‍ ഈ സാഹചര്യങ്ങളെല്ലാം മാറിമറിയും.
എന്നാല്‍ ബുംറയ്ക്കും രോഹിത്തിനും കീഴില്‍ ഇന്ത്യ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ വിരാട് കോഹ്‌ലി ക്യാപ്റ്റനാവട്ടെ എന്ന് ആരാധകര്‍ ആവശ്യപ്പെടും’, അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഹിത്തിന് പകരം ഇന്ത്യയെ ബുംറ നയിക്കട്ടെയെന്ന ഗവാസ്‌കറുടെ നിര്‍ദേശത്തെ ഹര്‍ഭജന്‍ പിന്തുണയ്ക്കുകയും ചെയ്തു. ‘ജസ്പ്രീത് ബുംറ ക്യാപ്റ്റനാവുന്നത് ഒരു മോശം കാര്യമല്ല. ബുംറയ്ക്ക് ടീമിനെ നയിക്കാനുള്ള കഴിവ് ഉള്ളതുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല’, ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.