മമ്മൂട്ടിയെ നായകനാക്കി ഒരു നവാഗത സംവിധായകൻ സിനിമ ഒരുക്കുന്നതായും ഈ ചിത്രം ‘മാർക്കോ’ നിർമാതാവ് ഷെരീഫ് മുഹമ്മദ് നിർമിക്കുന്നതായും അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഈ അഭ്യൂഹങ്ങളെ തള്ളിക്കളയുകയാണ് ഷെരീഫ് മുഹമ്മദ്. മമ്മൂട്ടിയുമായി ചർച്ചകൾ നടക്കുകയാണെന്നും സിനിമ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
മമ്മൂക്കയുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. എല്ലാ കാര്യങ്ങളും ശരിയാകുമ്പോൾ ഞങ്ങൾ ഔദ്യോഗികമായി അറിയിക്കും. നല്ലൊരു വർത്തയ്ക്കായി പ്രതീക്ഷിക്കാം.
‘ ഷെരീഫ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുമൊത്തുള്ള സിനിമ സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്.അതേസമയം മാർക്കോ ഈ മാസം 20 ന് റിലീസിന് ഒരുങ്ങുകയാണ്.
ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ‘മാർക്കോ’യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്.
നടൻ ജഗദീഷിൻറേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് തന്നെയാണ്.
നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്.