ചെന്നൈ: തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലായി നാലായിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ പ്രതിഭയാണ് ഇളയരാജ. പാട്ടുകള്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. കെ ജെ യേശുദാസ്, എസ് പി ബാലസുബഹ്മണ്യം, കെ എസ് ചിത്ര, സുജാത മോഹന്‍, ഹരിഹരന് ഉള്‍പ്പെടെയുളള ശ്രദ്ധേയ ഗായകരെല്ലാം ഇളയരാജയുടെ സംഗീതത്തില്‍ പാടിയവരാണ്.
മലയാളത്തിലും നിരവധി മികച്ച പാട്ടുകളാണ് ഇളയരാജ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. യേശുദാസിനൊപ്പം ഇളയരാജ ഒന്നിച്ചപ്പോഴെല്ലാം മികച്ച ഗാനങ്ങളാണ് പുറത്തിറങ്ങിയത്. തമിഴിലും മലയാളത്തിലും ഇളയരാജയ്ക്ക് വേണ്ടി ഗാനഗന്ധര്വന് പാട്ടുകള്‍ പാടിയിരുന്നു.
ഇപ്പോള്‍ യേശുദാസിന്റെ ആഗ്രഹം പൂർത്തിയാക്കിയതായി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇളയരാജ ഇക്കാര്യം അറിയിച്ചത്. തന്റെ ഒരു സിംഫണി ചിട്ടപ്പെടുത്തി റിലീസ് ചെയ്യണമെന്ന ആഗ്രഹമാണ് യേശുദാസ് ഇളയരാജയോട് മുൻപ് പങ്കുവച്ചത്. അത് പൂർത്തിയായെന്നാണ് ഇളയരാജ അറിയിച്ചിരിക്കുന്നത്.