വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഓടിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാർ പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികൾ വയനാട് കമ്പളക്കാട് പച്ചിലക്കാട് സ്വദേശികളെന്നാണ് സൂചന. കാർ ഓടിച്ചത് കണിയാമ്പറ്റ സ്വദേശി ഹർഷിദ് എന്നയാളാണ്. പ്രതികൾക്കായി പൊലീസ് വലവിരിച്ചുകഴിഞ്ഞു.
മാനന്തവാടി പുൽപള്ളി റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.