റിയാദ്: റിയാദ് മെട്രോയിൽ ഞായറാഴ്ച നാലാമത്തെയും അഞ്ചാമത്തെയും ട്രാക്കുകളായ ഗ്രീനിലും റെഡിലും ട്രയിനുകൾ ഓടിത്തുടങ്ങി. പുലർച്ചെ ആറ് മുതലാണ് ഇരു ട്രാക്കുകളിലുടെയും യാത്രക്കാരെയും വഹിച്ച് ട്രയിനുകൾ ഓട്ടം ആരംഭിച്ചത്. ഗ്രീൻ ട്രെയിനിൽ വിദ്യാഭ്യാസ മന്ത്രി യൂസഫ ബിൻ അബ്ദുല്ല അൽബനിയാൻ, റെഡ് െട്രയിനിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) ഗവർണർ സുലൈമാൻ ബിൻ അബ്ദുൽറഹ്മാൻ അൽ ഗൈസ് എന്നിവർ ആദ്യ യാത്രക്കാരായി.
ബത്ഹയിലെ മ്യൂസിയം സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 13.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ഗ്രീൻ. കിങ് അബ്ദുല്ല റോഡിൽ നിന്ന് തുടങ്ങുന്ന ഈ ലൈനിൽ 12 സ്റ്റേഷനുകളുണ്ട്. ബത്ഹയിലെ മ്യൂസിയം, തൊട്ടടുത്തുള്ള ധനകാര്യമന്ത്രാലയം എന്നീ സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
കിങ് അബ്ദുൽ അസീസ് ആശുപത്രി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. വൈകാതെ രണ്ട് സ്റ്റേഷനുകളും തുറക്കുന്നതോടെ സർവിസ് പൂർണതോതിലാവും.നിരവധി മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികളുടെ ഓഫീസുകൾക്കും അരികിലൂടെയാണ് ഈ ട്രാക്ക് കടന്നുപോകുന്നത്.
പ്രതിരോധം, ധനകാര്യം, വാണിജ്യം എന്നീ മന്ത്രാലയങ്ങളോടും മറ്റ് സർക്കാർ ഓഫീസുകളോടും ചേർന്ന് സ്റ്റേഷനുകളുണ്ട്. നിരവധി വാണിജ്യ, സേവന സ്ഥാപനങ്ങളും പാർപ്പിട കേന്ദ്രങ്ങളും ഈ റൂട്ടിലുണ്ട്.നഗരത്തിന്റെ കിഴക്ക് ബഗ്ലഫിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തെയും പടിഞ്ഞാറ് കിങ് സഊദ് യൂനിവേഴ്സിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് റെഡ് ലൈൻ. കിങ് അബ്ദുല്ല റോഡിന് സമാന്തരമായ ഈ ട്രാക്കിന് 25.1 കിലോമീറ്റർ നീളമുണ്ട്.
റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററടക്കം 15 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്.റെഡ് ലൈനിൽ ക്യാപിറ്റൽ മെട്രോ കാംകോ, ഗ്രീൻ ലൈനിൽ ഫ്ലോ കൺസോർഷ്യം എന്നീ കമ്പനികളാണ് സർവിസ് നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്.
അടുത്തിടെയാണ് ഇൗ രണ്ട് റൂട്ടുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ഈ കമ്പനികൾക്ക് സൗദി പൊതു ഗതാഗത അതോറിറ്റി കൈമാറിയത്. രണ്ട് കമ്പനികളും അംഗീകൃത മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് ലൈസൻസ് അനുവദിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.