ജി സുധാകരനോടുള്ള സിപിഐഎം അവഗണനയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍ട്ടി അംഗം കൂടിയായ ഷീബ രാകേഷിന്റെ വിമര്‍ശനം. ജി സുധാകരന് സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്നും അഭിമാനത്തോടെ ഉച്ചത്തില്‍ വിളിച്ചു പറയാവുന്ന പേരുകളില്‍ ഒന്നാമനെന്നും ഷീബ വ്യക്തമാക്കുന്നു. ആ പേര് പറഞ്ഞ് ഉപദ്രവിച്ചാലും മൂലയ്ക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും അതുറക്കെ വിളിച്ചു പറയാന്‍ പേടിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. സുധാകരനെ കുറ്റം പറയുന്നവര്‍ നേരിട്ട് കാണുമ്പോള്‍ മുട്ടു വിറക്കുന്നു എന്നും വിമര്‍ശനമുണ്ട്.
ജി സുധാകരനെ സിപിഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ ഒഴിവാക്കിയത് വിവാദമായിരുന്നു. സുധാകരന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു സമ്മേളന വേദി. ആലപ്പുഴയില്‍ ഇതുവരെ നടന്ന ലോക്കല്‍ ഏരിയ സമ്മേളനങ്ങളിലെ പൊതുസമ്മേളനങ്ങളില്‍ പോലും ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് എന്ന വാക്ക് താന്‍ പറഞ്ഞതല്ലെന്ന് ജി സുധാകരന് വ്യക്തമാക്കുകയും ചെയ്തു.
അവിടത്തെ ഒരു നേതാവ് ആണ് അങ്ങിനെ പറഞ്ഞത്.അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്.മാധ്യമങ്ങള്‍ നല്‍കുന്നത് വസ്തുതയല്ലെന്നും ജി സുധാകരന് പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ താന്‍ ഇല്ല. സൈഡ്ലൈന് ചെയ്തതെന്ന് പറയുന്നത് ശരിയല്ല – അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങള്‍ക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന് എന്നിവര്‍ ജി സുധാകരനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.