കൊച്ചി: പ്രായമാകുമ്പോൾ സിനിമാതാരങ്ങൾക്ക് ഒന്നിച്ച് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ താര സംഘടനയായ ‘അമ്മ’. സംഘടനയുടെ മുൻ പ്രസിഡന്റായ മോഹൻലാലിന്റെ ആശയമാണിത്. പദ്ധതിയുടെ ശ്രമങ്ങൾ ആരംഭിച്ചു. അമ്മ നടപ്പാക്കുന്ന സഞ്ജീവനി ജീവൻ രക്ഷാപദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പുതിയ പദ്ധതിയെക്കുറിച്ച് നടൻ ബാബുരാജാണ് സഹപ്രവർത്തകരെ അറിയിച്ചത്.
ഗ്രാമത്തിന്റെ കാര്യം വളരെ മുൻപുതന്നെ പരിഗണിച്ചതാണെന്നും സർക്കാരുമായി ആലോചിച്ച് എല്ലാവർക്കും താമസിക്കുന്നതിനായി ഒരു ഗ്രാമം നിർമിക്കുക എന്നതാണ് പദ്ധതിയെന്നും മോഹൻലാൽ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ഇങ്ങനെയൊരു സൗകര്യമുണ്ടെങ്കിലും പദ്ധതി ഫലപ്രദമായില്ല. ഇതിന് നമ്മൾ കൂട്ടത്തോടെ പരിശ്രമിക്കണം.
എന്ത് സഹായം വേണമെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ പദ്ധതി നടപ്പിലാക്കുകതന്നെ വേണമെന്നും മോഹൻ ലാൽ പറഞ്ഞു”സംഘടനയിലെ 82 അംഗങ്ങൾക്ക് സ്ഥിരമായി ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവനി.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്ക് മെഡിക്കൽ ബോർഡിന്റെ അംഗീകാരമനുസരിച്ച് വർഷത്തിൽ ഒരു ലക്ഷം രൂപയുടെ മരുന്നാണ് സംഘടന എത്തിച്ചു നൽകുന്നത്. ജീവൻ രക്ഷാമരുന്നുകളും ഇതിൽ ഉൾപ്പെടും. കുടുംബസംഗമത്തിൽ നിന്ന് സമാഹരിച്ച 90 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കുന്നത്.
ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസൻ, മഞ്ജു വാര്യർ, ബാബുരാജ്, ടിനി ടോം, ജയൻ ചേർത്തല, ജോമോൾ, അനന്യ, വിനുമോഹൻ തുടങ്ങിയവരും പങ്കെടുത്തു.