ഹൈദരാബാദ്: ദസറ ആഘോഷങ്ങൾക്ക് ശേഷം രണ്ടാംഘട്ട പ്രചാരണത്തിന് ഒരുങ്ങി തെലുങ്കാന പിസിസി. ഒക്ടോബർ 31ന് കൊല്ലാപ്പുരിലെ പൊതുസമ്മേളനത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യും. സംസ്ഥാനത്ത് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ബസ് യാത്രയുടെ രണ്ടാംഘട്ടം ഒക്ടോബർ 28ന് ആരംഭിക്കുമെന്നും നേതൃത്വം അറിയിച്ചു.
തെലുങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെത്തുന്നത്. ഒക്ടോബർ 18ന് രാഹുലിനൊപ്പവും പ്രിയങ്ക പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. അതിനിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക വൈകാതെ പുറത്തു വിടുമെന്ന് ടിപിസിസി വർക്കിങ് പ്രസിഡൻറ് മഹേഷ് കുമാർ ഗൗഡ് പറഞ്ഞു. ഈ പട്ടികയിൽ എല്ലാ മുതിർന്ന നേതാക്കളെയും ഉൾപ്പെടുത്തും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസ് 70- അധികം സീറ്റുകളിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.