പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നൽകിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയുടെ മൊഴി പുറത്ത്. വിദ്യാർത്ഥിയുടെ അമ്മ ഹാൾടിക്കറ്റിന് അപേക്ഷിക്കാൻ 1850 രൂപ നൽകിയിരുന്നു. എന്നാൽ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ മറന്നുപോയെന്നാണ് ഗ്രീഷ്മ നല്‍കിയ മൊഴി.
പിന്നീട് വിദ്യാര്‍ത്ഥി പലവട്ടം ചോദിച്ചപ്പോഴാണ് വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയത്.പത്തനംതിട്ട ആയതിനാൽ പരീക്ഷയെഴുതാൻ പോകില്ലെന്നും കരുതി. ഹാൾടിക്കറ്റിൽ കൃത്രിമം കാണിച്ചെങ്കിലും ബാർകോഡും സാക്ഷ്യപത്രവും തിരുത്താൻ കഴിയാതിരുന്നതോടെയാണ് വ്യാജ ഹാള്‍ ടിക്കറ്റില്‍ പിടി വീണത്.
ഹാൾടിക്കറ്റിൽ മറ്റെല്ലാ ഇടങ്ങളിലും ഗ്രീഷ്മ തിരുത്തൽ വരുത്തിയിരുന്നു.അക്ഷയ സെന്ററിലെ കംപ്യൂട്ടറും ഹാർഡ് ഡിസ്കും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഗ്രീഷ്മയെ അക്ഷയ സെൻ്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഗ്രീഷ്മയുടെ അറസ്റ്റ് പത്തനംതിട്ടയിൽ എത്തിച്ച ശേഷം രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
