താരസംഘടനയായ ‘അമ്മ’യില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് ശ്വേത മേനോനും ദേവനും തമ്മിലെന്ന് സൂചന. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയ നടന്‍ ജഗദീഷ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണ്.

അതോടൊപ്പം നടന്മാരായ രവീന്ദ്രന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവരും പത്രിക പിന്‍വലിച്ചേക്കും. എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന നിലപാടിലാണ് നടന്‍ ദേവന്‍.

അതേസമയം മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി സംസാരിച്ചതിന് ശേഷമായിരിക്കും തീരുമാനം എടുക്കുക എന്ന സൂചനയുമുണ്ട്.കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്.

താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം തുടരില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഈ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.സംഘടനയിലെ താരങ്ങളില്‍ മിക്കവരും ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ഭരണസമിതിയിലെ സുപ്രധാന സ്ഥാനത്തേക്ക് മത്സരിക്കാന്‍വനിതകള്‍ കൂടുതലാണെന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശ്വേത മേനോനും, വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നവ്യാ നായര്‍, ആശാ അരവിന്ദ്, ലക്ഷ്മിപ്രിയ എന്നിവരും മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് അന്‍സിബയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കൂ പരമേശ്വരനുമാണ് മത്സരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *