ഇംഗണ്ടിനെതിരായ ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറിയുമായി ആകാശ് ദീപ്. 23 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെയാണ് നൈറ്റ് വാച്ച്മാനായി ആകാശ് ദീപ് ഇറങ്ങിയത്.
ക്രീസിലെത്തിയ ശേഷം തുടർച്ചയായ ഫോറുകളുമായി കളം നിറഞ്ഞ താരം മൂന്നാം ദിനത്തിലും പ്രകടനം തുടർന്നപ്പോൾ 70 പന്തിൽ അർധ സെഞ്ച്വറി തൊട്ടു.
ഒമ്പത് ഫോറുകൾ അടക്കമായിരുന്നു ഇന്നിങ്‌സ്. അതേ സമയം 99 പന്തിൽ രണ്ട് സിക്സറുകളും പത്ത് ഫോറുകളും അടക്കം 80 റൺസുമായി യശ്വസി ജയ്‌സ്വാളും ക്രീസിലുണ്ട്. നിലവിൽ 38 ഓവർ പിന്നിടുമ്പോൾ 155 റൺസിന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 247 റൺസാണ് നേടിയത്. മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നാല് വിക്കറ്റ് പ്രകടനമാണ് ഒരു ഘട്ടത്തിൽ മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ പ്രതിരോധിച്ചിട്ടത്.