ആറ് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് പട്ടികയില്‍ പത്താമത് നില്‍ക്കുന്ന ആര്‍സിബി ഇന്ന് ഹൈദരാബാദിന് എതിരെ. ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മല്‍സരം.

മികവിലേക്ക് ഉയരാത്ത ബോളര്‍മാരാണ് പ്രധാനമായും ബെംഗളൂരുവിന്റെ തലവേദന. 199 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചിട്ടും മുംബൈ 16 ഓവറില്‍ ജയം പിടിച്ചതില്‍ നിന്ന് ബെംഗളൂരു ബോളര്‍മാരുടെ പോരായ്മ വ്യക്തം. സീസണില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മോശം ഇക്കണോമി റേറ്റ് ആര്‍സിബിയുടേതാണ്.

അതില്‍ ഏറ്റവും മോശം സിറാജിന്റേതും. സ്പിന്‍ ബോളിങ്ങിലും ആര്‍സിബി നിരാശപ്പെടുത്തുമ്പോള്‍ ക്ലാസന്‍ ഉള്‍പ്പെടെയുള്ള ഹൈദരാബാദ് ബാറ്റേഴ്സിനെ പിടിച്ചുകെട്ടാന്‍ പ്രയാസപ്പെടും. ബോളിങ്ങില്‍ അധികം ആയുധങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് ക്യാപ്റ്റന്‍ ഡുപ്ലെസിസും തുറന്നു സമ്മതിച്ചു കഴിഞ്ഞു.

ഡുപ്ലെസിസും രജത്തും കഴിഞ്ഞ മല്‍സരത്തില്‍ ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നല്‍കിയതാണ് ആര്‍സിബിക്ക് ആകെയുള്ള ആശ്വാസം. മറുവശത്ത് ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, മര്‍ക്രം ക്ലാസന്‍ എന്നിവര്‍ വരുന്ന ബാറ്റിങ് നിരയാണ് ഹൈദരാബാദിന്റെ കരുത്ത് കൂട്ടുന്നത്.

19 കളിക്കാരെയാണ് ബാംഗ്ലൂര്‍ ഈ സീസണില്‍ ഇതുവരെ കളിപ്പിച്ചത്. 20 കളിക്കാരെ പരീക്ഷിച്ച ഡല്‍ഹിയാണ് ഇതില്‍ ആര്‍സിബിക്ക് മുന്‍പില്‍ നില്‍ക്കുന്നത്. മാക്സ്​വെല്ലിന് കഴിഞ്ഞ ദിവസം വിരലിന് പരുക്കേറ്റിരുന്നു. എന്നാല്‍ പരുക്ക് സാരമുള്ളതല്ലെന്നും താരം കളിക്കുമെന്നുമാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *