അബുദാബി: കടുത്ത ചൂടിനെ അവഗണിച്ച് ഗംഭീര പ്രകടനമാണ് ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് വേണ്ടി സഞ്ജു 45 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്.
മൂന്ന് വീതം സിക്‌സും ഫോറും സഞ്ജു നേടി. അഭിഷേക് ശര്‍മ (15 പന്തില്‍ 38), തിലക് വര്‍മ (18 പന്തില്‍ 29) എന്നിവരുടെ ഇന്നിംഗ്സുകളും മത്സരത്തില്‍ നിര്‍ണായകമായിരുന്നു. വിക്കറ്റ് നഷ്ടങ്ങള്‍ക്കിടയിലും ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചിരുന്നത് സഞ്ജു ആയിരുന്നു.
മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി. സഞ്ജുവിന്റെ കരിയറിലെ വേഗം കുറഞ്ഞ സെഞ്ചുറി ആണെങ്കില്‍ പോലും മാറ്റ് ഒട്ടും തന്നെ കുറഞ്ഞില്ല. ഇതോടെ ഒരു റെക്കോഡ് കൂടി സഞ്ജുവിന്റെ പേരിലായി. ട്വന്റി 20യില്‍ മൂന്ന് തവണ മാന്‍ ഓഫ് ദി മാച്ചാവുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി.
മറ്റു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ആരും തന്നെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. സഞ്ജുവിന്റെ വാക്കുകള്‍… ”കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഫിറ്റ്‌നെസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ഫീല്‍ഡിംഗ് പരിശീലകന് കീഴില്‍ ബ്രോങ്കോ ടെസ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു.
പവര്‍പ്ലേയിലും നന്നായി പന്തെറിഞ്ഞു. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ബാറ്റുകൊണ്ട്, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്. ഞാന്‍ അതിനെ പോസിറ്റീവായി എടുക്കുന്നു.” സഞ്ജു മത്സരശേഷം പറഞ്ഞു.
