ഫിലാഡൽഫിയ: 2026 ഫിഫ ലോകകപ്പിൽ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനിലയിൽ കുടുങ്ങിയ കാനറിപ്പട, ഫിലാഡൽഫിയയിൽ നടന്ന രണ്ടാം പോരാട്ടത്തിൽ ശക്തമായി തിരിച്ചുവരികയായിരുന്നു.

സ്ട്രൈക്കർ മാത്യൂസ് കുൻഹയുടെ ഇരട്ട ഗോളുകളും സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളുമാണ് ആദ്യ പകുതിയിൽ തന്നെ ബ്രസീലിന് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ 4 പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി.വിജയത്തോടൊപ്പം ബ്രസീൽ ആരാധകർക്ക് ആവേശം നൽകുന്ന മറ്റൊരു വാർത്തയും പുറത്തുവന്നിട്ടുണ്ട്.

പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ സൂപ്പർ താരം നെയ്മർ ജൂൺ 25-ന് സ്‌കോട്‌ലൻഡിനെതിരെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കളിക്കുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു. നെയ്മർ തിങ്കളാഴ്ച മുതൽ ടീമിനൊപ്പം പൂർണ്ണതോതിൽ പരിശീലനം ആരംഭിക്കും. എന്നാൽ, ഹെയ്തിക്കെതിരെയുള്ള മത്സരത്തിനിടെ വിങ്ങർ റാഫിഞ്ഞയ്ക്ക് ഹാംസ്ട്രിങ് പരിക്കേറ്റത് ബ്രസീൽ ക്യാമ്പിൽ ആശങ്ക പടർത്തുന്നുണ്ട്. പരിക്കിന്റെ വ്യാപ്തി ഗുരുതരമാണെങ്കിൽ താരത്തിന് വരാനിരിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *