ദില്ലി: പരിക്കിൽ നിന്ന് മുക്തയ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. ആഭ്യന്തര മത്സരത്തിലൂടെയാവും പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. റിഷഭ് പന്തിന്‍റെ കാലിന് പരിക്കേറ്റത് ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിന്‍റെ ഒന്നാംദിനം. ക്രിസ് വോക്സിന്‍റെ പന്ത് കാലിൽ കൊണ്ട് വിരലിന് പൊട്ടലേറ്റു.

പരിക്കേറ്റ കാലുമായി രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ പന്ത് പോരാട്ടവീര്യത്തിന്‍റെ പ്രതീകമായി.ആറാഴ്ചത്തെ വിശ്രമം നിർദേശിച്ച പന്ത് 75 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉൾപ്പെട നേടിയത് 53 റൺസ്. ഇതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായ പന്ത് ബെംഗളൂരുവിൽ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിയിൽ ചികിത്സയിലായിരുന്നു.

വെസ്റ്റ് ഇൻ‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ പന്ത് രഞ്ജി ട്രോഫിയിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക.

രഞ്ജി ട്രോഫിയിൽ കളിച്ച് ഫിറ്റ്നസ് തെളിയിച്ചാൽ പന്തിന് നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ടീമിൽ തിരിച്ചെത്താം. ഇരുപത്തിയെട്ടുകാരനായ പന്ത് 47 ടെസ്റ്റിൽ എട്ട് സെഞ്ച്വറികളോടെ 3427 റൺസെടുത്തിട്ടുണ്ട്.

 കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ 68.42 ശരാശരിയില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 479 റണ്‍സാണ് റിഷഭ് പന്ത് അടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *