ധാക്ക∙ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലദേശിനെതിരെ വെസ്റ്റിൻഡീസ് 16 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ ബംഗ്ലദേശിന്റെ സ്കോർ 19.4 ഓവറിൽ 149 റൺസിൽ അവസാനിച്ചു.
അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കെ 20 റൺസായിരുന്നു ബംഗ്ലദേശിനു ജയിക്കാൻ വേണ്ടിയിരുന്നത്.
ആദ്യ മൂന്നു പന്തിൽ ഒരു എക്സ്ട്ര ഉൾപ്പെടെ മൂന്നു റൺസ് മാത്രമാണ് മുസ്തഫിസുർ റഹ്മാനു നേടാനായത്. ഇതോടെ വിജയലക്ഷ്യം 3 പന്തിൽ 17 റൺസായി. റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ നാലാം പന്ത് നേരിട്ടത് ടസ്കിൻ അഹമ്മദ്.
ഫുൾ ഡെലിവറി ബോൾ മിഡ് വിക്കറ്റിനു മുകളിലൂടെ ടസ്കിൻ സിക്സറിനു പറത്തിയെങ്കിലും അടിക്കാനായി ക്രീസിനു പിന്നിലേക്ക് ഇറങ്ങിയതോടെ കാല്, സ്റ്റംപിൽ തട്ടി. അതോടെ നിർണായക റൺ ചേസിൽ ഹിറ്റ് വിക്കറ്റ്! വിൻഡീസിന് 16 റൺസിന്റെ ഉജ്വല വിജയം.
ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ അവർ 1–0ന് ലീഡ് നേടുകയും ചെയ്തു.ക്യാപ്റ്റൻ ഷായ് ഹോപ് (46), റോവ്മാൻ പവൽ (44) എന്നിവരുടെ ഇന്നിങ്സാണ് വെസ്റ്റിൻഡീസിനെപൊരുതാവുന്ന സ്കോറിലെത്തിച്ചത്. അവസാന ഓവറിൽ പവലിന്റെ ഹാട്രിക് സിക്സ് ഉൾപ്പെടെ 22 റൺസാണ് വിൻഡീസ് അടിച്ചുകൂട്ടിയത്.
18, 19 ഓവറിൽ യഥാക്രമം 15, 14 റൺസും നേടി. ബംഗ്ലദേശിനായി ടസ്കിൻ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ, ബംഗ്ലദേശ് ബാറ്റർമാർക്ക് ആർക്കും കാര്യമായ രീതിയിൽ റൺസ് നേടാനായില്ല. 33 റൺസെടുത്ത തൻസിം ഹസൻ സാകിബ് ആണ് അവരുടെ ടോപ് സ്കോറർ. തൗഹിദ് ഹൃദോയ് 28 റൺസ് നേടി. വെസ്റ്റിൻഡീസിനായി ജയ്‌സൺ ഹോൾഡർ, ജയ്ഡൻ സീൽസ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി
