2025 ഒക്ടോബര്‍ മുപ്പത് എന്ന തിയ്യതിയും ആ രാത്രിയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. ചെളി പുരണ്ട ജെഴ്‌സി ധരിച്ച്, കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ജമീമ റോഡ്രിഗസ് എന്ന 25-കാരിയുടെ ആരാധകരുടെ മനസില്‍ ഒരു ഫോട്ടോ ഫ്രെയിം പോലെ എന്നുമുണ്ടാകും.

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 134 പന്തില്‍ 127 റണ്‍സ് അടിച്ചെടുത്ത ജമീമ ഇന്ത്യയുടെ വിജയശില്‍പിയായപ്പോള്‍ ഓസീസ് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തു.

മത്സരശേഷം ക്യാമറക്കണ്ണുകള്‍ ജമീമയ്ക്ക് ചുറ്റുമാണുണ്ടായിരുന്നത്. സന്തോഷത്താല്‍ കരച്ചിലടക്കാനാകാതെ അവര്‍ കാണികളോട് നന്ദി അറിയിച്ചു. ഓരോ റണ്ണെടുക്കുമ്പോഴും നല്‍കിയ പ്രോത്സാഹനത്തിനും ആര്‍പ്പുവിളികള്‍ക്കുമായിരുന്നു ആ നന്ദി.

കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ജമീമ ഗാലറിയിലുണ്ടായിരുന്ന തന്റെ കുടുംബത്തിന്റെ അരികിലേക്ക് ഓടിയെത്തി. നേരത്തെ അടക്കിപ്പിടിച്ചുവെച്ച കരച്ചില്‍ വീണ്ടും കവിളിലൂടെയൊഴുകി.

അച്ഛനേയും അമ്മയേയും അവര്‍ മുറുകെ കെട്ടിപ്പിടിച്ചു.. അതും മനോഹരമായൊരു കുറിപ്പോടുകൂടി. ‘എനിക്കുപോലും എന്നെ വിശ്വാസമില്ലാത്തപ്പോള്‍ അവര്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. എന്റെ ജീവിതത്തില്‍ അവരെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്’ എന്നാണ് താരം കുറിച്ചത്.

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിനിടെ അവര്‍ തന്റെ മാനസികാവസ്ഥ വിവരിക്കുകയും ചെയ്തു. ടൂര്‍ണമെന്റിലുടനീളം ഉത്കണ്ഠയിലൂടെയാണ് കടന്നുപോയിരുന്നതെന്നും എല്ലാ ദിവസവും കരഞ്ഞിരുന്നുവെന്നും ജമീമ പറയുന്നു. കഴിഞ്ഞ വര്‍ഷം ടീമില്‍ നിന്ന് പുറത്തായതിനെക്കുറിച്ചും അവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *