പയ്യന്നൂർ: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കിത്തരാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ്. റൊണാൾഡോയുടെ മാനേജർ ചമഞ്ഞ് തുർക്കിയിലെ കമ്പനിയുടെ 1,35,62,500 രൂപ തട്ടിയെടുത്തതായാണ് പരാതി.
സംഭവത്തിൽ തിരുവനന്തപുരം വെഞ്ഞാറമ്മൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കണ്ണൂർ കടമ്പൂരിലെ അവിക്കൽ സുധീഷ് എന്നിവർക്കെതിരെ കോടതിനിർദേശ പ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു.വഞ്ചിക്കപ്പെട്ട കമ്പനിയുടെ പാർട്‌ണറുടെ നിർദേശപ്രകാരം പണം കൈമാറിയ അന്നൂരിലെ പ്രകാശ് രാമനാഥിന്റെ പരാതിയിലാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
2017-18 വർഷമാണ് കേസിനാസ്പദമായ സംഭവം. തുർക്കി ആസ്ഥാനമായ മെറ്റാഗ് എന്ന നിർമാണക്കമ്പനിക്ക് ദോഹയിൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടുണ്ടായിരുന്നു. ഇതിന്റെ പ്രചാരണത്തിന് ബ്രാൻഡ് അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏർപ്പാടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് തങ്ങളെ സമീപിച്ചതെന്ന് പരാതിക്കാരൻ പറയുന്നു.
റൊണാൾഡോയുടെ മാനേജർ എന്നപേരിൽ തയ്യാറാക്കിയ വ്യാജ കത്തുകൾ കാണിച്ചതോടെ വിശ്വാസമായി.ചർച്ചകൾക്കൊടുവിൽഇവരുടെ സേവനത്തിനുള്ള വ്യവസ്ഥകൾ അംഗീകരിച്ച് പണം നല്കി. പയ്യന്നൂരിലെ ഹോട്ടലിൽവെച്ച് കൈമാറിയ രണ്ടുലക്ഷം രൂപയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽനിന്നും 1,35,62,500 രൂപ കൈപ്പറ്റിയെന്നാണ് ആക്ഷേപം.
