ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം രോഹിത് ശർമ. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരങ്ങളിൽ രണ്ടാമതെത്തിയിരിക്കുകയാണ് രോഹിത്. കരിയറിലെ 277-ാം ഏകദിന മത്സരം കളിച്ച രോഹിത് ശർമ 352 സിക്സറുകൾ നേടി. 398 ഏകദിനങ്ങളിൽ നിന്ന് 351 സിക്സറുകൾ നേടിയ പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡാണ് രോഹിത് തകർത്തത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 51 പന്തിൽ 57 റൺസാണ് രോഹിത് ശർമ നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളും സഹിതമായിരുന്നു രോഹിത് ശർമയുടെ ഇന്നിങ്സ്. ഒടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്.
38 ഓവർ പിന്നിടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന വിരാട് കോഹ്‍ലിയും 57 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 136 റൺസ് കൂട്ടിച്ചേർത്തിരുന്നു
