ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സര്‍വീസുകള്‍ താളംതെറ്റിയതിനു പിന്നാലെ അപൂര്‍വ നടപടിക്കൊരുങ്ങി കേന്ദ്രം. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ നീക്കം ചെയ്യുമെന്ന് സൂചന. ഇതിന്റെ വ്യാപകമായി ഇന്‍ഡിഗോ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് വൈകിട്ട് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. എയര്‍ലൈനെതിരെ അപൂര്‍വമായ നടപടിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. കമ്പനിക്ക് കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട്.
പ്രതിസന്ധിക്ക് അയവുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായിട്ടും ഇന്നും ഇന്‍ഡിഗോ സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുകയോ മണിക്കൂറുകളോളം
വൈകുകയോ ചെയ്തിരുന്നു. പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കപ്പെട്ടത്.സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നതും ഇരുട്ടടിയായി.
അവസരം മുതലാക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ചയിലേതിന് സമാനമായ പ്രതിസന്ധി ഇന്നുണ്ടാകില്ലെന്ന ഉറപ്പ് കമ്പനി പറഞ്ഞിരുന്നെങ്കിലും നിലവില്‍ സാഹചര്യം വിപരീതമാണ്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ പുലര്‍ച്ചെ മുതല്‍ റദ്ദാക്കപ്പെട്ടു മുംബൈയില്‍ നിന്ന് 110 സര്‍വീസുകളും ബെംഗളൂരുവില്‍ നിന്ന് 125 സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് 86 സര്‍വീസുകളും ഉച്ചവരെ റദ്ദാക്കിയതാണ്
