കൊച്ചി: സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാട് കേസിൽ എക്സാലോജിക് മാനേജിംഗ് ഡയറക്ടർ വീണ വിജയന് (വീണ ടി.) എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) വീണ്ടും സമൻസ് അയച്ചു. വരും ബുധനാഴ്ച രാവിലെ 10.30-ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
നേരത്തെ നൽകിയ സമൻസ് പ്രകാരം ഹാജരാകാൻ അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തെ സാവകാശം തേടി വീണ ഇ-മെയിൽ അയച്ചിരുന്നുവെങ്കിലും, അത് പൂർണ്ണമായി അംഗീകരിക്കാതെയാണ് ഇ ഡി പുതിയ സമൻസ് പുറപ്പെടുവിച്ചത്. പിഎംഎൽഎ വകുപ്പ് 50 പ്രകാരം ലഭിച്ച സമൻസിൽ കക്ഷി നേരിട്ട് ഹാജരാകണമെന്നതാണ് വ്യവസ്ഥ.
സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ച് വ്യക്തത വരുത്താൻ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും അടുത്ത ആഴ്ച നടക്കും.
തിങ്കളാഴ്ച ഹാജരാകാൻ ശരൺ എസ്. കർത്തയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

