മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 17 ആയി. പുതുതായി 38 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ നിലവിൽ 142 പേർ ചികിത്സയിലാണ്; ഇതിൽ 15 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ദിവസങ്ങൾ പിന്നിട്ടിട്ടും മരണസംഖ്യ ഉയരുന്നതും പുതിയ രോഗികൾ എത്തുന്നതും ആരോഗ്യ മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.ഇൻഡോറിൽ മലിനജലം കുടിച്ച് മരണസംഖ്യയും രോഗികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുന്നു.

നഗരത്തിലെ 85 വാർഡുകളിലും മെഴുകുതിരി മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. സർക്കാരിന്റെ വീഴ്ചയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയർത്തുകയാണ് ലക്ഷ്യം.

ഇൻഡോറിൽ മലിനജലം കുടിച്ച് 17 പേർ മരിച്ച സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് മൂന്ന് ഹർജികളിൽ വിശദമായ വാദം കേൾക്കും. കോടതി നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ നിലവിലെ സ്ഥിതിവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിലും ശുദ്ധജലം ഉറപ്പാക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കോടതി പരിശോധിക്കും.ഇൻഡോറിലെ ജലദുരന്തത്തെ പകർച്ചവ്യാധിയായി മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. നൂറുകണക്കിന് ആളുകൾക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ഊർജിതമാക്കാനാണ് ഈ നീക്കം.

കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടെങ്കിലും, മരിച്ചവരുടെയോ ചികിത്സയിലുള്ളവരുടെയോ കൃത്യമായ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *