നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ ജഡ്ജി സംശയനിഴലിലാണെന്നും, അതിനാൽ കേസിൽ വിധി പറയാൻ ജഡ്ജിക്ക് അർഹതയില്ലെന്നുമാണ് നിയമോപദേശത്തിലെ പ്രധാന പരാമർശം. ദിലീപിനെ വെറുതെവിടാൻ ലക്ഷ്യമിട്ടുള്ളതാണ് വിധിയെന്നും, പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ കോടതി പക്ഷപാതപരമായി തള്ളിയെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ കുറിപ്പിൽ വിമർശനമുണ്ട്.

ദിലീപിനെതിരെയുള്ള ശക്തമായ തെളിവുകൾ കോടതി പക്ഷപാതപരമായി തള്ളിയെന്നും, മറ്റ് പ്രതികൾക്കെതിരെ സ്വീകരിച്ച മാനദണ്ഡം ദിലീപിന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച അഭിഭാഷകരെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങളെന്നും വിമർശനമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി നൽകി. ഡി.ജി.പി.യുടെ ശുപാർശ അംഗീകരിച്ച സർക്കാർ നടപടിയെത്തുടർന്ന് പ്രോസിക്യൂഷൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും. ആറ് പ്രതികളെ മാത്രം ശിക്ഷിച്ച വിധിയെ ചോദ്യം ചെയ്താണ് സർക്കാർ നീക്കം.നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ഒന്നുമുതൽ ആറുവരെ പ്രതികളെ 20 വർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി, എട്ടാം പ്രതി ദിലീപ് അടക്കം നാലുപേരെ വെറുതെവിട്ടിരുന്നു.

ഈ വിവേചനപരമായ വിധിക്കെതിരെയാണ് സർക്കാർ ഇപ്പോൾ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്.2017 ഫെബ്രുവരി 17-ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി അതിക്രമത്തിനിരയായത്.


നടിയെ ആക്രമിച്ച കേസ്

അങ്കമാലിയിൽ വെച്ച് വാഹനം തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറോളം പീഡിപ്പിച്ച ഈ സംഭവം, ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയ രാജ്യത്തെ ആദ്യ കേസായി മാറി. ആക്രമണത്തിന് ശേഷം നടിയെ നടൻ ലാലിന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.

വിവരമറിഞ്ഞ് പൊലീസും പി.ടി. തോമസ് എം.എൽ.എ.യും സ്ഥലത്തെത്തുകയും നടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് സിനിമാക്കാരുമായി ബന്ധമുള്ള പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് ക്രൂരതയ്ക്ക് പിന്നിലെന്ന് വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *