റഷ്യൻ ടാങ്കർ ‘ബെല്ല 1’ പിടിച്ചെടുക്കാനുള്ള യുഎസ് നീക്കത്തിന് ബ്രിട്ടന്റെ പൂർണ്ണ പിന്തുണ. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നടക്കുന്ന ഈ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമാണെന്ന് യുകെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ റഷ്യ-അമേരിക്ക സംഘർഷം പുതിയ തലത്തിലെത്തി
ലണ്ടൻ: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ റഷ്യൻ എണ്ണ ടാങ്കർ പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് ബ്രിട്ടൻ പൂർണ്ണ സൈനിക പിന്തുണ നൽകി. വെനിസ്വേലയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന കപ്പലിനെ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് യുഎസ് കോസ്റ്റ് ഗാർഡ് തടഞ്ഞത്.
യുഎസ് നടപടി ‘കടൽക്കൊള്ള’; ആഞ്ഞടിച്ച് റഷ്യ
റഷ്യൻ ടാങ്കർ പിടിച്ചെടുത്ത അമേരിക്കയുടെ നീക്കത്തെ ‘കടൽക്കൊള്ള’ എന്ന് വിശേഷിപ്പിച്ച് റഷ്യ രംഗത്തെത്തി. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും മറ്റൊരു രാജ്യത്തിന്റെ കപ്പലിന് മേൽ ബലപ്രയോഗം നടത്താൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നും റഷ്യൻ ഗതാഗത മന്ത്രാലയം പ്രസ്താവിച്ചു.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ മോസ്കോ, ഈ നടപടിക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
