ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പമ്പയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണം കവർന്ന കേസിനു പുറമെ, കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.

അന്വേഷണം നിർണ്ണായക ഘട്ടത്തിലായതിനാലാണ് മുൻപ് ജാമ്യം നിഷേധിക്കപ്പെട്ടത്.ഉന്നത ഉദ്യോഗസ്ഥനായ മുരാരി ബാബുവിന് കൊള്ളയിൽ നേരിട്ട് പങ്കുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.

എന്നാൽ, തന്റെ മുൻഗാമികൾ തുടങ്ങിയ നടപടികൾ ബോർഡ് ഉത്തരവ് പ്രകാരം തുടരുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ വാദം.

മുമ്പ് ജാമ്യാപേക്ഷ തള്ളിയ കോടതി, ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.

ഇഞ്ചയ്ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ജയശ്രീയെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. പ്രതികൾക്കെതിരായ തെളിവുകൾ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *