ജോലിക്ക് ഭൂമി അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി, മക്കളായ തേജസ്വി, തേജ്പ്രതാപ് തുടങ്ങി കുടുംബാംഗങ്ങൾക്കെതിരെ ഡൽഹി റോസ് അവന്യൂ കോടതി കുറ്റം ചുമത്തി.
ലാലു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ നിയമനങ്ങൾക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്നാണ് സിബിഐ കണ്ടെത്തൽ. ലാലുവിന്റെ കുടുംബം ഒരു ‘ക്രിമിനൽ സിൻഡിക്കേറ്റ്’ പോലെ പ്രവർത്തിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
ജോലിക്ക് ഭൂമി അഴിമതിക്കേസിൽ കുറ്റം ചുമത്തിയതോടെ ലാലു പ്രസാദ് യാദവും കുടുംബവും വിചാരണ നേരിടണം. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോടതി വിധി വന്നത് ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടിയായി. 2004-2009 കാലയളവിൽ റെയിൽവേയുടെ വിവിധ സോണുകളിൽ ഗ്രൂപ്പ്-ഡി തസ്തികകളിൽ നിയമവിരുദ്ധ നിയമനം നടത്തിയെന്നാണ് ലാലുവിനെതിരായ കേസ്.
റെയിൽവേ നിയമനങ്ങളിൽ ലാലു പ്രസാദ് യാദവും കുടുംബവും ചട്ടങ്ങൾ ലംഘിച്ച് ഭൂമി കോഴയായി വാങ്ങിയെന്ന് സി.ബി.ഐ കോടതിയിൽ അറിയിച്ചു.
2017-ൽ കാലിത്തീറ്റ കുംഭകോണക്കേസിൽ അറസ്റ്റിലായ ലാലു പ്രസാദ് യാദവ്, ആരോഗ്യപരമായ കാരണങ്ങളാൽ 2021 മുതൽ ജാമ്യത്തിലാണ്. നിലവിൽ ജാമ്യത്തിൽ കഴിയുന്ന അദ്ദേഹത്തിന് പുതിയ കേസിലെ കോടതി നടപടികൾ വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.
.
