വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലം തിരിച്ചുപിടിക്കാൻ ശശി തരൂർ എം.പിയെ ഇറക്കാൻ കോൺഗ്രസിൽ നീക്കം സജീവമായി. ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ എത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ, തരൂരിനെപ്പോലെ കരുത്തനായ സ്ഥാനാർത്ഥി വേണമെന്നാണ് ജില്ലയിലെ നേതാക്കളുടെ ആവശ്യം.
ബിജെപി വോട്ടുകൾ കൂടി ആകർഷിക്കാൻ തരൂരിന് കഴിയുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഇതിനിടെ, തലസ്ഥാന കേന്ദ്രീകരിച്ച് ശശി തരൂർ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 2016-ൽ നേമത്ത് ജയിച്ച് ബിജെപി കേരള നിയമസഭയിൽ അക്കൗണ്ട് തുറന്നിരുന്നു.
എന്നാൽ, 2021-ൽ കുമ്മനം രാജശേഖരനെ തോൽപ്പിച്ച് വി. ശിവൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ. മുരളീധരൻ നേടിയ വോട്ടുകൾ ബിജെപിയുടെ വിജയം തടയുന്നതിൽ നിർണ്ണായകമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 22,126 വോട്ടിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിൽ 7,913 വോട്ടിന്റെയും ലീഡ് നേമത്ത് രാജീവ് ചന്ദ്രശേഖറിനുണ്ട്. ബിജെപിയുടെ ഈ ആധിപത്യം തകർക്കാൻ ശശി തരൂർ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങൾ.
