ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ ആസൂത്രണത്തോടെ. ഇന്നലെ ഉച്ചമുതൽ നിരീക്ഷണത്തിലായിരുന്ന എംഎൽഎയെ, അദ്ദേഹം ഹോട്ടലിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം രാത്രി 12.30-ഓടെ എട്ടംഗ പൊലീസ് സംഘം എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.വിവരങ്ങൾ ചോരാതിരിക്കാൻ അതീവ ജാഗ്രത പുലർത്തിയ പോലീസ്, മൂന്ന് വാഹനങ്ങളിലായി എത്തിയാണ് പരിശോധന നടത്തിയത്.

ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്ത സംഘം, വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ റിസപ്ഷൻ വഴിയുള്ള ആശയവിനിമയ സാധ്യതകൾ പൂർണ്ണമായും അടച്ചു.പൊലീസ് എത്തുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ മുറിയിൽ ഒറ്റയ്ക്കായിരുന്നു. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അഭിഭാഷകനെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല.

തുടർന്ന് ഉടൻ തന്നെ പാലക്കാട് നഗരത്തിന് പുറത്തെത്തിച്ച എംഎൽഎയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. സാമ്പത്തിക ചൂഷണവും ഗർഭച്ഛിദ്രവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

നിർണ്ണായക തെളിവുകൾ യുവതി പോലീസിന് കൈമാറിയതിനെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി.ഡിഎൻഎ പരിശോധനയ്ക്കായി യുവതി ഭ്രൂണം സൂക്ഷിച്ചിരുന്നുവെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ പരിശോധനയ്ക്ക് തയ്യാറായില്ല.

ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന ഗുരുതര ആരോപണങ്ങളുള്ള മൂന്ന് പരാതികളാണ് രാഹുലിനെതിരെ ഇതുവരെ ലഭിച്ചത്. ഇതിൽ രണ്ട് കേസുകളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *