രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നതിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. തുടർച്ചയായ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം നിയമസഭയുടെ എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് വിടുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമത്തിന് മുന്നിൽ എം.എൽ.എ എന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലെന്നും, ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം എല്ലാവരും തുല്യരാണെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവരം ചട്ടപ്രകാരം നിയമസഭയെ അറിയിച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
സഭാ സമുച്ചയത്തിനോ ഹോസ്റ്റലിനോ ഉള്ളിൽ വെച്ചല്ല അറസ്റ്റ് നടന്നതെന്നതിനാൽ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും നിലവിലെ നടപടികൾ കൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
