ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ചരിത്രപ്രധാനമായ കരാർ അടുത്ത മാസം ഒപ്പിടും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും നേരിട്ടാണ് ഈ വമ്പൻ കരാറിൽ ഒപ്പുവെക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ഇടപാടായ ഇതിൽ 80 ശതമാനം വിമാനങ്ങളും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽത്തന്നെ നിർമിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
നിലവിൽ 36 റഫാൽ വിമാനങ്ങളുള്ള ഇന്ത്യൻ വ്യോമസേനയിലേക്ക് 114 വിമാനങ്ങൾ കൂടി വാങ്ങാനുള്ള നടപടികൾ വേഗത്തിലായി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് പ്രൊക്യുയർമെന്റ് ബോർഡ് ഈ ശുപാർശയ്ക്ക് അംഗീകാരം നൽകി.
ഇനി പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള കൗൺസിലിന്റെയും (DAC), പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ സമിതിയുടെയും (CCS) അന്തിമ അനുമതി ലഭിക്കുന്നതോടെ കരാർ യാഥാർത്ഥ്യമാകും. 3.25 ലക്ഷം കോടി രൂപയുടെ ബൃഹത്തായ കരാറിലൂടെയാണ് ഇന്ത്യ പുതിയ റഫാൽ വിമാനങ്ങൾ സ്വന്തമാക്കുന്നത്.
കരാർ പ്രകാരം 18 വിമാനങ്ങൾ 2030-ഓടെ ഫ്രാൻസിൽ നിന്നും നേരിട്ട് എത്തും. ബാക്കി 80 ശതമാനം വിമാനങ്ങളും ‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി ഇന്ത്യയിൽ നിർമിക്കും. ഇതിൽ 60 ശതമാനത്തോളം തദ്ദേശീയമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിക്കുമെന്നത് പ്രതിരോധ മേഖലയിൽ വലിയ നേട്ടമാകും.
