കളമശേരി ജുഡീഷ്യൽ സിറ്റി പദ്ധതിക്കായി 2014-ലെ നിരക്കിൽ ഭൂമി വിട്ടുനൽകാനാകില്ലെന്ന് എച്ച്.എം.ടി സുപ്രീം കോടതിയെ അറിയിച്ചു. കേരളം നിശ്ചയിച്ച നഷ്ടപരിഹാരത്തുക വിപണി വിലയേക്കാൾ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി സത്യവാങ്മൂലം സമർപ്പിച്ചത്.
ഇതോടെ കോടതി സമുച്ചയത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വീണ്ടും അനിശ്ചിതത്വത്തിലായി.ജുഡീഷ്യൽ സിറ്റിക്കായി എച്ച്.എം.ടി.യുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള 2014-ലെ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിലെ തൽസ്ഥിതി ഉത്തരവിൽ ഭേദഗതി വരുത്തി ഭൂമി വിട്ടു കിട്ടാനാണ് സർക്കാരിന്റെ നീക്കം. എന്നാൽ, 2014-ലെ കുറഞ്ഞ വിലയിൽ ഭൂമി നൽകാനാവില്ലെന്ന് എച്ച്.എം.ടി. കോടതിയെ അറിയിച്ചു
.സീപോർട്ട്-എയർപോർട്ട് റോഡിനും കിൻഫ്രയ്ക്കുമായി മുമ്പ് ഭൂമി വിട്ടുനൽകിയിട്ടുണ്ടെങ്കിലും, ജുഡീഷ്യൽ സിറ്റിക്കായി കുറഞ്ഞ വിലയ്ക്ക് ഭൂമി നൽകാനാവില്ലെന്ന് എച്ച്.എം.ടി വ്യക്തമാക്കി.
ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ഭൂമിയാണ് സർക്കാർ ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമ്പനി ചൂണ്ടിക്കാട്ടി. ഇതോടെ പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതിൽ നിയമതടസ്സങ്ങൾ തുടരുകയാണ്.
