കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കൊലപാതകക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി നിധിനെ കോടതി വെറുതെ വിട്ടു.
ഗൂഢാലോചന തെളിയിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും കോടതി വിമർശിച്ചു.2020 ഫെബ്രുവരിയിൽ കാമുകനൊപ്പം ജീവിക്കാനായി സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് പ്രണവ് നൽകിയ പരാതിയിലെ അന്വേഷണമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.നാട്ടുകാരുടെയും പോലീസിൻ്റെയും തിരച്ചിലിൽ ശരണ്യയുടെ വീടിനടുത്തുള്ള കടൽത്തീരത്ത് നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ശരണ്യ പോലീസിന് മൊഴി നൽകി. 47 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞത്.
