വിവാദ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മന്ത്രി നടത്തിയത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷ പ്രസ്താവനയാണെന്നും, ഇത്തരം വർഗീയ പരാമർശങ്ങൾ ആപത്കരമാണെന്നും സതീശൻ പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സി.പി.ഐ.എം സംഘപരിവാർ പാതയിലാണെന്നും ഇതിന് മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.

ജയിച്ചുവരുന്നവരുടെ മതം നോക്കാൻ ആവശ്യപ്പെട്ട സജി ചെറിയാന്റെ പ്രസ്താവന ക്രൂരവും വർഗീയത ആളിക്കത്തിക്കുന്നതുമാണെന്നും അദ്ദേഹം വിമർശിച്ചു

കേരളത്തിന്റെ മതസൗഹാർദ്ദ അടിത്തറ തകർക്കുന്ന പ്രസ്താവനയാണ് മന്ത്രിയുടേതെന്നും വരുംതലമുറയോടുള്ള ക്രൂരതയാണിതെന്നും വി.ഡി. സതീശൻ പറഞ്ഞു. വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ എന്ത് വെല്ലുവിളിയും നേരിടാൻ താൻ തയ്യാറാണെന്നും ഇതിൽ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സമുദായ നേതാക്കളെ കാണുന്നത് സ്വാഭാവികമാണെന്നും എന്നാൽ വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സമുദായങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും വോട്ട് നൽകുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ നഷ്ടമുണ്ടായാലും വർഗീയതയ്ക്കെതിരായ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *