ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 27 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങൾ അവർ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.ബഹിരാകാശ പര്യവേഷണത്തിൽ സുനിത വില്യംസ് നൽകിയ നേതൃത്വം ഭാവി ദൗത്യങ്ങൾക്ക് വലിയ വഴികാട്ടിയായെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജയേഡ് ഐസക്ക്മാൻ പറഞ്ഞു.
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ വാണിജ്യ ദൗത്യങ്ങൾക്കും അവരുടെ പ്രവർത്തനം അടിത്തറയിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.2024 ജൂണിൽ എട്ടു ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും സാങ്കേതിക തകരാർ മൂലം ഒൻപത് മാസത്തോളമാണ് അവിടെ കുടുങ്ങിയത്.
സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെത്തുടർന്ന് നീണ്ടുപോയ ഈ ദൗത്യം സുനിതയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു.
