2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് വേളാച്ചേരിയിൽ നിന്ന് ജനവിധി തേടിയേക്കും. യുവാക്കൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാൽ ഇവിടെ ജയസാധ്യത കൂടുതലാണെന്നാണ് ടി.വി.കെ. നേതൃത്വത്തിന്റെ വിലയിരുത്തൽ. 

യുവജനങ്ങൾ, ഐടി പ്രൊഫഷണലുകൾ, കന്നി വോട്ടർമാർ എന്നിവർക്ക് നിർണ്ണായക സ്വാധീനമുള്ള വേളാച്ചേരി വിജയ്‌യുടെ കന്നി അങ്കത്തിന് ഏറ്റവും അനുയോജ്യമായ മണ്ഡലമാണെന്ന് പാർട്ടി വിലയിരുത്തുന്നു. വിജയ്‌യുടെ വലിയൊരു വോട്ടുബാങ്കായ ഗിഗ് തൊഴിലാളികളും കുടിയേറ്റക്കാരും കൂടുതലുള്ള ഈ നഗരമണ്ഡലം പുതിയ പരീക്ഷണങ്ങൾക്ക് ഉത്തമമാണെന്നാണ് സർവ്വേകൾ സൂചിപ്പിക്കുന്നത്.

കന്നി വോട്ടർമാരെ ലക്ഷ്യമിട്ട് വേളാച്ചേരിയിൽ വിജയകരമായ ഒരു റാലി സംഘടിപ്പിക്കാൻ വിജയ് ഒരുങ്ങുന്നു. നേരത്തെ മാതാപിതാക്കൾ താമസിക്കുന്ന വിരുഗമ്പാക്കം മണ്ഡലം പരിഗണിച്ചിരുന്നെങ്കിലും, കൂടുതൽ വിജയസാധ്യതയുള്ള വേളാച്ചേരിയിലേക്ക് കന്നിയങ്കം മാറ്റാനാണ് ടി.വി.കെ നേതൃത്വത്തിന്റെ തീരുമാനം. 

ജാതി രാഷ്ട്രീയത്തേക്കാൾ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും മുൻതൂക്കം നൽകുന്ന മണ്ഡലമാണ് വേളാച്ചേരി. വെള്ളപ്പൊക്കം, ഗതാഗതം തുടങ്ങിയ നഗര പ്രശ്നങ്ങളാണ് ഇവിടെ വോട്ടർമാരെ സ്വാധീനിക്കുന്നത്.

സ്ഥിരമായി ഒരു പാർട്ടിയെയും തുണയ്ക്കാത്ത ഈ മണ്ഡലത്തിൽ, 2021-ൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം 13 ശതമാനത്തോളം വോട്ട് നേടിയിരുന്നു. ഈ അനുകൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിജയ് വേളാച്ചേരിയിൽ കന്നിയങ്കത്തിന് ഒരുങ്ങുന്നത് .

വിജയ്‌ക്ക് പുറമെ പ്രമുഖ നേതാക്കളെയും സിനിമാതാരങ്ങളെയും ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഇറക്കാൻ ടി.വി.കെ ലക്ഷ്യമിടുന്നു. തമിഴ്‌നാട്ടിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കാനൊരുങ്ങുന്ന പാർട്ടി,

താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്ത്രീകളുടെയും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും വോട്ടുകൾ അനുകൂലമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *