ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നുകൊണ്ടിരിക്കെ, അമ്മയെ ഫോണ്‍ വിളിക്കാനെന്ന് പറഞ്ഞ് മുറിയിലേക്ക് പോയ റോയ് സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചാണ് സ്വയം വെടിയുതിര്‍ത്തത്അതീവ സുരക്ഷയുള്ള ഓഫീസിനുള്ളില്‍ വെടിയൊച്ച കേള്‍ക്കാത്തതിനാല്‍ പുറത്തുണ്ടായിരുന്ന ജീവനക്കാരോ ഉദ്യോഗസ്ഥരോ മരണം പെട്ടെന്ന് അറിഞ്ഞില്ല. ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്.

ഏറ്റവും സംശയാസ്പദമായ കാര്യം, സംഭവസമയത്ത് ഓഫീസിലെ സിസിടിവി ക്യാമറകള്‍ എല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു എന്നതാണ്. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണോ അതോ റെയ്ഡിന്റെ ഭാഗമായി അണച്ചു വെച്ചതാണോ എന്നതില്‍ ദുരൂഹതയുണ്ട്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്‍ സ്രാവുകളുമായി ബന്ധപ്പെട്ട കേസ് ആയതിനാലും ഉന്നതതല അന്വേഷണം അനിവാര്യമായതിനാലും കര്‍ണാടക സര്‍ക്കാര്‍ കേസ് സിഐഡിക്ക് കൈമാറി.

ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദ് ആണ് റോയിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം പരസ്യമായി ആരോപിച്ചു.

അഞ്ച് പേജുള്ള വിശദമായ പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ സി.ജെ. ബാബു പോലീസിന് നല്‍കിയത്. റോയി മരിച്ചു കിടക്കുമ്പോഴും മാനുഷിക പരിഗണന പോലുമില്ലാതെ ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്ന വെളിപ്പെടുത്തല്‍ ബിസിനസ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

റെയ്ഡിനിടെ ഉണ്ടായ കടുത്ത മാനസിക പീഡനമാണ് റോയിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സഹോദരന്റെ മൊഴി.കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലിനിടെ അദ്ദേഹത്തെ മാനസികമായി തളർത്തിയ കാര്യങ്ങളെക്കുറിച്ചാണ് പ്രധാന അന്വേഷണം.

ലൈസൻസുള്ള തോക്കിൽ എന്തിനാണ് സൈലൻസർ ഘടിപ്പിച്ചത് എന്നതിനെക്കുറിച്ച് ശാസ്ത്രീയ പരിശോധനകൾ നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ, ആസൂത്രിതമായ നീക്കമാണോ നടന്നതെന്ന് തെളിവുകൾ ശേഖരിച്ച് ഉറപ്പുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *