2026 ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഓഹരി വിപണിയും നിക്ഷേപകരും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

വിദേശ നിക്ഷേപകർ (FPI) വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലായതും വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുവ നയങ്ങളും ആഗോള യുദ്ധസാഹചര്യങ്ങളും ഇന്ത്യൻ ഓഹരി വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വിദേശ നിക്ഷേപകർ മാസങ്ങളായി വിപണി കൈയൊഴിയുന്ന പശ്ചാത്തലത്തിലാണ് ഫെബ്രുവരി ഒന്നിന് മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് എത്തുന്നത്. 2024 പകുതിയോടെ തുടങ്ങിയ നിക്ഷേപകരുടെ പിന്മാറ്റം വിപണിയെ തളർത്തിയിട്ടുണ്ട്.വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിന്മാറ്റം ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിക്കുന്നു.

വിപണി ഇടിയുമ്പോൾ വിൽക്കുകയും ഉയരുമ്പോൾ വാങ്ങുകയും ചെയ്യുന്ന പ്രവണത ചില്ലറ നിക്ഷേപകരുടെ (Retail Investors) ആസ്തി മൂല്യം ഇടിയാൻ കാരണമാകുന്നുണ്ട്. മുൻവർഷങ്ങളിലെ നേട്ടം കണ്ട് വിപണിയിലെത്തിയ കോടിക്കണക്കിന് പുതുനിക്ഷേപകർക്ക് ഈ അനിശ്ചിതത്വം വലിയ തിരിച്ചടിയാവുകയാണ്.

രാജ്യത്തെ കോടിക്കണക്കിന് നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കേന്ദ്ര ബജറ്റിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേ തീരൂ. ആഗോള വിപണികൾ കുതിക്കുമ്പോഴും ഇന്ത്യൻ വിപണി നേരിടുന്ന തകർച്ച സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി നിലനിർത്താനും ‘2047-ലെ വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കാനും വിപണിയെ ഉത്തേജിപ്പിക്കുന്ന നടപടികൾ ബജറ്റിൽ അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *