നരേന്ദ്രമോദി സർക്കാരിന്റെ മൂന്നാം ഊഴത്തിലെ സുപ്രധാനമായ പൂർണ്ണരൂപ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. തുടർച്ചയായ ഒൻപതാം തവണയും ബജറ്റ് അവതരിപ്പിക്കുന്നതോടെ, മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പത്ത് ബജറ്റുകൾ എന്ന റെക്കോർഡിന് തൊട്ടടുത്തെത്താൻ നിർമ്മല സീതാരാമന് സാധിക്കും.

ആദായനികുതി ഇളവുകൾ, കാർഷിക മേഖലയ്ക്കുള്ള ആശ്വാസ പാക്കേജുകൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ വലിയ പ്രഖ്യാപനങ്ങൾ രാജ്യം പ്രതീക്ഷിക്കുന്നു.ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ദിനത്തിനുണ്ട്.

കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദക്ഷിണേന്ത്യയെ ലക്ഷ്യം വെച്ചുള്ള വമ്പൻ പദ്ധതികൾക്ക് സാധ്യതയുണ്ട്. 

എയിംസ് (AIIMS), അതിവേഗ റെയിൽ പാത, വയനാട് പുനരധിവാസത്തിനുള്ള പ്രത്യേക പാക്കേജ് എന്നിവയാണ് കേരളത്തിന്റെ പ്രധാന പ്രതീക്ഷകൾ. വിപണികൾക്ക് അവധി ദിവസമാണെങ്കിലും ബജറ്റ് പ്രമാണിച്ച് ഇന്ന് ഓഹരി വിപണികൾ സജീവമായിരിക്കും.കാർഷിക-വ്യവസായ മേഖലകളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക പ്രഖ്യാപനങ്ങളാണ് ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. 

പിഎം കിസാൻ സമ്മാൻ നിധി (PM-Kisan) തുക ആറായിരത്തിൽ നിന്ന് വർദ്ധിപ്പിക്കുമോ എന്നാണ് കർഷക ലോകം ഉറ്റുനോക്കുന്നത്. ഇതിനൊപ്പം ചെറുകിട സംരംഭങ്ങൾക്ക് (MSME) കുറഞ്ഞ പലിശയിൽ വായ്പയും, ചരക്കുനീക്കം സുഗമമാക്കാൻ പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി പുതിയ റെയിൽവേ ഇടനാഴികളും തുറമുഖ വികസന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും.

പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള ആദ്യ ബജറ്റായതിനാൽ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിലും ഗ്രാന്റുകളിലും വലിയ മാറ്റങ്ങൾ ഇന്ന് പ്രതീക്ഷിക്കുന്നു.

വരും അഞ്ച് വർഷത്തെ സാമ്പത്തിക വിതരണത്തിൽ നിർണ്ണായകമാകുന്ന പ്രഖ്യാപനങ്ങൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. ബജറ്റ് അവതരണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 വിദ്യാർത്ഥികളുമായി ധനമന്ത്രി നേരിട്ട് സംവദിക്കുന്നത് ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *