ധനമന്ത്രി നിർമ്മല സീതാരാമൻ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി. 1 മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ദിശാസൂചനകൾ അവർ പങ്കുവെച്ചു.

എന്നാൽ, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS), അതിവേഗ റെയിൽ പാത തുടങ്ങിയ പദ്ധതികളെക്കുറിച്ച് വ്യക്തമായ പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തത് സംസ്ഥാനത്തിന് വലിയ നിരാശയായി. കേരളത്തെ അവഗണിച്ച ബജറ്റാണിതെന്ന വിമർശനം ഇതിനോടകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു തുടങ്ങിയിട്ടുണ്ട്.

നിർമ്മല സീതാരാമന്റെ റെക്കോർഡ് പ്രസംഗത്തിൽ കേരളത്തിന് കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്തത് നിരാശയായി. അപൂർവ്വ ധാതുക്കൾക്കായുള്ള ഇടനാഴിയും കടലാമ പരിപാലന പദ്ധതിയും മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ച പ്രധാന പരിഗണനകൾ.2026-ലെ സാമ്പത്തിക സർവേ പ്രകാരം ഇന്ത്യ ശക്തമായ വളർച്ചാ പാതയിലാണ്. നടപ്പ് സാമ്പത്തിക വർഷം (FY26) 7.4 ശതമാനവും, അടുത്ത വർഷം (FY27) 6.8 മുതൽ 7.2 ശതമാനം വരെയും വളർച്ചയാണ് പ്രവചിക്കുന്നത്.

ഭരണപരമായ പരിഷ്കാരങ്ങൾ, ശക്തമായ സാമ്പത്തിക അടിത്തറ, ആഭ്യന്തര ആണവോർജ്ജ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി നിർണ്ണായക പ്രഖ്യാപനവുമായി ബജറ്റ്. ആണവ വൈദ്യുത പദ്ധതികൾക്ക് ആവശ്യമായ സാധനങ്ങളുടെ ഇറക്കുമതിക്ക് 2035 വരെ കസ്റ്റംസ് തീരുവ പൂർണ്ണമായും ഒഴിവാക്കി.

ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും പുനരുപയോഗ ഊർജ്ജ മേഖലയിലെ കുതിപ്പിനും ഈ നടപടി വലിയ സഹായമാകുമെന്ന് വിലയിരുത്തപ്പെടുന്നു.ആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് കരുത്തേകാൻ ഇന്ത്യൻ മത്സ്യബന്ധന കപ്പലുകൾക്ക് ഡ്യൂട്ടി ഫ്രീ (നികുതി രഹിത) മത്സ്യബന്ധനത്തിന് അനുമതി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

ഇന്ധനച്ചെലവ് കുറയ്ക്കാനും മത്സ്യബന്ധന ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും. നീല സമ്പദ്‌വ്യവസ്ഥ (Blue Economy) ശക്തിപ്പെടുത്തുന്നതിലൂടെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും സംസ്ഥാനത്തോട് കടുത്ത അവഗണനയും വിവേചനവുമാണ് കേന്ദ്രം കാട്ടിയതെന്നും വ്യവസായ മന്ത്രി പി. രാജീവ് വിമർശിച്ചു.

എയിംസിനായി (AIIMS) സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും അത് അനുവദിക്കാത്തത് വിവേചനപരമാണ്. കേരളത്തിലെ അപൂർവ്വ ധാതുക്കൾ പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കമാണോ ഇടനാഴി പ്രഖ്യാപനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്സ് 1000 പോയിന്റിലധികം താഴ്ന്നപ്പോൾ നിഫ്റ്റിയും കനത്ത തകർച്ച നേരിട്ടു. ബജറ്റിലെ നികുതി നിർദ്ദേശങ്ങളോടുള്ള നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ സ്വാധീനിച്ചത്.  ലതർ ഉൽപന്നങ്ങൾക്കും ചെരുപ്പുകൾക്കും വില കുറയും. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സെൽഫ്-ഹെൽപ്പ് എന്റർപ്രണർ (SHE) മാർട്ടുകൾ’ ആരംഭിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കുടുംബശ്രീ പോലുള്ള സ്വയം സഹായ സംഘങ്ങൾക്കും വനിതാ സ്റ്റാർട്ടപ്പുകൾക്കും തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കാൻ ഈ മാർട്ടുകൾ വലിയ തുണയാകും.

ആരോഗ്യ മേഖലയ്ക്ക് വലിയ ആശ്വാസമേകി, ജീവൻരക്ഷാ മരുന്നുകളുടെ നികുതി കേന്ദ്ര ബജറ്റിൽ കുറച്ചു. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള 17 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി. കൂടാതെ, 7 അപൂർവ രോഗങ്ങൾക്കുള്ള (Rare Diseases) മരുന്നുകൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *