ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിനെ ‘ഡാഡി ഓഫ് ഓൾ ഡീൽസ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ പ്രധാന ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയിരുന്ന 50% നികുതി 18 ശതമാനമായി കുറയ്ക്കാൻ കരാറിൽ ധാരണയായിട്ടുണ്ട്. ഇതോടെ അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ ഓഹരികൾ വിപണിയിൽ കുതിച്ചുയർന്നു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ‘മദർ ഓഫ് ഓൾ ഡീൽസിനേക്കാൾ’ വലിയ നേട്ടമാണ് ഈ കരാർ വഴി ഇന്ത്യ പ്രതീക്ഷിക്കുന്നത്.ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രകാരം ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങളുടെ തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉടനടി കുറയും.
ഇത് ആഗോള വിപണിയിലെ മറ്റ് എതിരാളികളേക്കാൾ ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുന്നതാണ്. കൂടാതെ, റഷ്യൻ എണ്ണ ഇറക്കുമതിക്ക് യുഎസ് ചുമത്തിയിരുന്ന 25% പിഴച്ചുങ്കം പൂർണ്ണമായും ഒഴിവാക്കാനും ധാരണയായി.
ഇതിന് പകരമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തണമെന്ന ട്രംപിന്റെ വ്യവസ്ഥ പ്രധാനമന്ത്രി മോദി അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ റഷ്യൻ എണ്ണയ്ക്ക് പകരം വെനസ്വേലൻ എണ്ണയുൾപ്പെടെയുള്ള അമേരിക്കൻ ഊർജ്ജ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, കരാർ വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ടെക്സ്റ്റൈൽ, ഓട്ടോമൊബൈൽ, സമുദ്രോൽപ്പന്ന മേഖലകളിലെ ഓഹരികൾക്കൊപ്പം അദാനി ഗ്രൂപ്പ് കമ്പനികളും മികച്ച നേട്ടം രേഖപ്പെടുത്തി.
കയറ്റുമതി തീരുവ കുറയുന്നത് ഇന്ത്യൻ കമ്പനികളുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഊർജ്ജ, അടിസ്ഥാന സൗകര്യ മേഖലകളിൽ വൻ കുതിപ്പുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ അദാനി ഓഹരികളെ റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചു. അദാനി എന്റർപ്രൈസസ് 11.30% കുതിച്ചുയർന്ന് നിഫ്റ്റി 50-ൽ ഒന്നാമതെത്തി.
ഇതിനു പുറമെ അദാനി ഗ്രീൻ എനർജി (11.12%), അദാനി പവർ (9.44%), അദാനി എനർജി സൊല്യൂഷൻസ് (9.13%) തുടങ്ങിയ കമ്പനികളും മികച്ച പ്രകടനം കാഴ്ചവെച്ചു.
കരാറിലൂടെ കയറ്റുമതി തീരുവ കുറയുന്നത് അദാനി പോർട്സ് (7.46%), അദാനി ടോട്ടൽ ഗ്യാസ് (6.06%) എന്നിവയ്ക്കും വരും ദിവസങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ.ഇന്ത്യ-യുഎസ് വ്യാപാര കരാറിനെത്തുടർന്ന് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആവേശം വിതറി ഇന്ത്യൻ ഓഹരി വിപണി കുതിക്കുന്നു. വ്യാപാരത്തിന്റെ പ്രീ-ഓപ്പൺ സെഷനിൽ തന്നെ സെൻസെക്സ് 3,600 പോയിന്റ് മുന്നേറി റെക്കോർഡ് നേട്ടം കൈവരിച്ചു.
നിലവിൽ 2,500-ലേറെ പോയിന്റുകൾ (+3.05%) ഉയർന്ന് 84,180 എന്ന നിലവാരത്തിലാണ് സെൻസെക്സ് വ്യാപാരം തുടരുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ യുഎസ് വെട്ടിക്കുറച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുകൂല പ്രസ്താവനയുമാണ് വിപണിയിൽ ഈ വൻ കുതിപ്പിന് ഊർജ്ജമായത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം തുടരുന്നു. നിഫ്റ്റി 772 പോയിന്റ് ഉയർന്ന് 25,845 എന്ന ശക്തമായ നിലവാരത്തിലെത്തി. ടെക്സ്റ്റൈൽ മേഖലയ്ക്കുള്ള വൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ കേരളം ആസ്ഥാനമായ കിറ്റെക്സ് ഗാർമെന്റ്സിന്റെ (Kitex Garments) ഓഹരി വില 20% കുതിച്ച് 196.48 രൂപയിൽ അപ്പർ-സർക്യൂട്ടിലെത്തി.
സമാനമായി പ്രമുഖ കയറ്റുമതിക്കാരായ ഗോകൽദാസ് എക്സ്പോർട്സും 20% നേട്ടം രേഖപ്പെടുത്തി. കയറ്റുമതി തീരുവ കുറയുന്നത് ഇന്ത്യൻ വസ്ത്രവ്യാപാര മേഖലയ്ക്ക് ആഗോള വിപണിയിൽ വലിയ സ്വീകാര്യത നൽകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആവേശത്തിൽ സെൻസെക്സിലെ മുഴുവൻ ഓഹരികളും ഇന്ന് പച്ചതൊട്ടു. 7.05% നേട്ടവുമായി അദാനി പോർട്സ് മുൻനിരയിലുണ്ട്. ബജാജ് ഫിനാൻസ്, സൊമാറ്റോ എന്നിവയും മികച്ച മുന്നേറ്റം നടത്തി. ഓട്ടോ, ഐടി, മെറ്റൽ തുടങ്ങി എല്ലാ വിഭാഗങ്ങളും നേട്ടത്തിലാണ്. റിയൽറ്റി മേഖല 4.09% ഉയർന്നു നിൽക്കുന്നു. ഈ കരാർ ഇന്ത്യൻ വിപണിയെ റെക്കോർഡ് കുതിപ്പിലേക്കാണ് നയിക്കുന്നത്.
ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വെട്ടിക്കുറയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് ചുമത്തിയിരുന്ന 25% പിഴച്ചുങ്കം ഇതോടെ ഇല്ലാതാകും.
എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തണമെന്ന കർശന നിബന്ധനയാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഈ വ്യവസ്ഥ അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ കേന്ദ്ര സർക്കാരോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
റഷ്യൻ എണ്ണയ്ക്ക് പകരമായി ഇന്ത്യ വെനസ്വേലൻ എണ്ണയുൾപ്പെടെയുള്ള അമേരിക്കൻ ഊർജ്ജ ഉൽപ്പന്നങ്ങൾ വലിയ തോതിൽ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എണ്ണയ്ക്ക് പുറമെ യുഎസിന്റെ കൽക്കരി, സാങ്കേതിക വിദ്യ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയും ഇന്ത്യ ഇറക്കുമതി ചെയ്യും.
ട്രംപിന്റെ പ്രഖ്യാപനങ്ങളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തെങ്കിലും, അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ പൂജ്യമാക്കുമെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നയതന്ത്ര തലത്തിലുള്ള ഈ നീക്കങ്ങൾ വരും ദിവസങ്ങളിൽ ഇന്ത്യയുടെ ഊർജ്ജ നയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.
