ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഐസിസിക്ക് മുന്നിൽ ഉപാധികളുമായി പാകിസ്താൻ. തങ്ങൾ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മത്സരത്തിന് ഇറങ്ങൂ എന്ന് പിസിബി ഐസിസിയുടെ പ്രത്യേക സംഘത്തെ അറിയിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യയുമായുള്ള മത്സരം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഈ നീക്കം.
ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഫെബ്രുവരി 15-ലെ കൊളംബോ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു. ഐസിസി പ്രതിനിധികളായ ഇമ്രാൻ ഖവാജ, മുബഷിർ ഉസ്മാനി എന്നിവരെയാണ് പിസിബി തങ്ങളുടെ ഉപാധികൾ അറിയിച്ചത്.
ബംഗ്ലാദേശിന് സാമ്പത്തിക സഹായം നൽകുക, അവർക്ക് ലഭിക്കേണ്ട പങ്കാളിത്ത ഫീസ് അനുവദിക്കുക, ഭാവിയിലെ ഐസിസി ടൂർണമെന്റിന് പാകിസ്താനെ ആതിഥേയരാക്കുക എന്നീ മൂന്ന് ആവശ്യങ്ങളാണ് പിസിബി മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാമെന്ന് പാകിസ്താൻ ഉറപ്പുനൽകിയെങ്കിലും ഐസിസി ഇതുവരെ ഔദ്യോഗിക മറുപടി നൽകിയിട്ടില്ല.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന ബംഗ്ലാദേശിനെ ഐസിസി ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്താൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
വിഷയത്തിൽ ചർച്ച നടത്താൻ ബംഗ്ലാദേശ് പ്രതിനിധികളും നിലവിൽ പാകിസ്താനിലുണ്ട്.
